തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വർണം കവർന്നു. ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ ആണ് കവർച്ചയ്ക്ക് ഇരയായത്. സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ എത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ പക്കൽ നിന്നാണ് സ്വർണം കവർന്നത്. രാത്രി ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം സ്വർണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വ്യാഴാഴ്ച രാത്രി ചാല മരക്കട റോഡിൽ വെച്ചാണ് രണ്ടംഗ സംഘം സ്വർണം കവർന്നത്. ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം, ഉടമയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പഴയ സ്വർണം വാങ്ങി ശുദ്ധീകരിച്ച് വിൽക്കുന്ന കടയുടെ ഉടമയാണ് കവർച്ചയ്ക്ക് ഇരയായ നന്ദകുമാർ. മഹാരാഷ്ട്ര സ്വദേശിയാണ് ഇയാൾ. കവർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പട്രോൾ സംഘത്തോടാണ് നന്ദകുമാർ മോഷണ വിവരം പറഞ്ഞത്.

രാത്രി പത്ത് മണിയോടെയാണ് കടയിൽ നിന്ന് ഇറങ്ങിയതെന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് കവർച്ച നടന്നതെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണം ബാഗിലാക്കി ദേഹത്ത് തൂക്കിയിട്ടിരുന്നു. പെട്ടെന്ന് പിറകിൽ ബൈക്കിൽ എത്തിയവർ ബാഗ് പൊട്ടിച്ചു കൊണ്ടുപോവുകയായിരുന്നു. സംശയാസ്പദമായ രീതിയിൽ പരിസരത്ത് ആളുകൾ ഉണ്ടായിരുന്നില്ലെന്നും സ്വർണം ശുദ്ധീകരിച്ച് നൽകുന്ന ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 പവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കടയുടമ പറയുന്നത്. എന്നാൽ രണ്ടു കിലോയോളം സ്വർണം എന്നാണ് പൊലീസിന് നൽകിയ മൊഴി.

സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വർണക്കടകൾ കേന്ദ്രീകരിച്ച് സമാനമായ കവർച്ച നടത്തുന്ന സംഘങ്ങൾ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. മുമ്പ് കേസിൽ പ്രതികളായവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ബൈക്കിലെത്തിയ കവർച്ചാ സംഘം നന്ദകുമാറിനെ പിന്തുടരുന്നതും ബാഗ് തട്ടിയെടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ചത് ഹോണ്ട 350 ബൈക്കിലാണ്. ഇവർ പോയത് പവർഹൗസ് റോഡുവഴിയെന്നാണ് വിവരം.