Asianet News MalayalamAsianet News Malayalam

കരിപ്പൂരിൽ കാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി, മലപ്പുറം സ്വദേശി പിടിയിൽ

ബഹ്‌റൈനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടിയത്

Gold seized in Karippur 
Author
Karipur, First Published Aug 16, 2022, 4:18 PM IST

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖിനെ പിടികൂടി. ബഹ്‌റൈനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി  ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം ഒന്നേകാൽ കോടിയോളം വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

അ‍ഞ്ച് ക്യാപ്‍സൂളുകളാക്കി സ്വർണം കടത്താനായിരുന്നു ശ്രമം. മൂന്ന് ക്യാപ്‍സൂളുകൾ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ‌ർ അറിയിച്ചു. കാലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബാക്കി രണ്ട് ക്യാപ്‍സൂളുകൾ. ഇത് പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞിരുന്നു.

മലദ്വാരത്തിൽ സ്വർണ്ണം കടത്തി, ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം, കൈയ്യോടെ പിടികൂടി പൊലീസ്

കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണം തട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ​ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കിയത്.

തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം. 

കസ്റ്റംസിൽ പിടിക്കപ്പെടാതെയാണ് ഇയാൾ പുറത്തെത്തിയത്. മഹേഷിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവ കുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൈമാറുന്നതിനിടെ പോലീസ് മുഴുവൻ
പേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios