മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി. സ്പെഷ്യല്‍ ജഡ്‍ജിന്‍റെ സാന്നിധ്യത്തിലായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്‍റെ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ കസ്റ്റംസ് വിട്ടുനല്‍കിയിട്ടില്ല. സിഡാക്കില്‍ ഫോണ്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കും. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്‍റെ ഫോണും അയക്കാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അതിനിടെ സ്വർണ്ണക്കടത്തിലെ കൂടുതൽ ഉന്നതതലബന്ധങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായും എം ശിവശങ്കറുമായും അടുത്ത ബന്ധം പുലർത്തുന്ന അരുൺ ബാലചന്ദ്രൻ പ്രതികൾക്കായി മുറി ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് കിട്ടിയ വിവരം. സെക്രട്ടറിയേറ്റിന് സമീപം ശിവശങ്ക‍ർ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് മുറിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് അരുൺ എന്നയാളാണ് മുറിയെടുത്തതെന്നാണ് ഫ്ലാറ്റിലെ കെയർടേക്ക‌ർ കസ്റ്റംസിനോട് പറഞ്ഞത്. അരുണുമായുള്ള് ഫോൺസംഭാഷണവും കൈമാറി. ജയശങ്കർ എന്ന തന്‍റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നാണ് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.