കേസിലുള്‍പ്പെട്ട കോണ്‍സുലേറ്റ് അറ്റാഷെക്ക് എംബസി വഴി ചോദ്യാവലി അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ആദ്യ കുറ്റപത്രത്തില്‍ ഇവരെ പ്രതിചേര്‍ത്ത ശേഷം തുടര്‍ അന്വേഷണത്തിന് സാധ്യത തേടാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

കൊച്ചി: നയതന്ത്ര പ്രതിനിധികളെയും ഫൈസല്‍ ഫരീദിനെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയാത്തത് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന് വലിയ തിരിച്ചടിയാകും. കേസിലുള്‍പ്പെട്ട കോണ്‍സുലേറ്റ് അറ്റാഷെക്ക് എംബസി വഴി ചോദ്യാവലി അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ആദ്യ കുറ്റപത്രത്തില്‍ ഇവരെ പ്രതിചേര്‍ത്ത ശേഷം തുടര്‍ അന്വേഷണത്തിന് സാധ്യത തേടാനാണ് കസ്റ്റംസിന്‍റെ തീരുമാനം.

നയതന്ത്രകള്ളക്കടത്തില്‍ കോണ്‍സില്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവര്‍ക്ക് സജീവ പങ്കാളിത്തം ഉണ്ടെന്ന് അന്വേഷണത്തിന്‍റെ തുടക്കം തന്നെ കസ്റ്റംസിന് ബോധ്യപ്പെട്ടതാണ്. പക്ഷെ കള്ളക്കടത്ത് കണ്ടെത്തുന്നതിന് മുമ്പ് തന്നെ ജമാല്‍ അല്‍സാബിക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അറ്റാഷെയാകട്ടെ, കേസ് എടുത്തതിന് തൊട്ടുപിന്നാലെ രാജ്യം വിട്ടു. രണ്ട് പേരും നയതന്ത്ര പരിരക്ഷയുള്ളവരാണ്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിക്കുന്ന വിഷയം കൂടിയായതിനാല്‍ ഇന്ത്യന്‍ നിയമസംവിധാനത്തിന് വിട്ടുകൊടുക്കാനും സാധ്യതയില്ല. ഒടുവില്‍ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍‌‍ അറ്റാഷെയ്ക്ക് എംബസി വഴി വിശദമായ ചോദ്യാവലി കൈമാറി. പക്ഷെ ഒരു പ്രതികരണം പോലും ഇത് വരെ ഉണ്ടായിട്ടില്ല.

വിദേശത്തെ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിന്‍റെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. എന്‍ഐ എവഴി ഫൈസലിനെ ഇന്ത്യയിലെത്തിക്കാനായിരുന്നു ശ്രമം. ഫൈസലിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം ദുബൈയിലെത്തുകയും ചെയ്തു. എന്നാല്‍ രാജ്യദ്രേഹക്കേസില്‍ തടവിലിട്ടതിനാല്‍ കാണാന്‍ പോലും പറ്റില്ലെന്നാണ് യുഎഇ മറുപടി നല്‍കിയത്. അതേസമയം, നയതന്ത്ര പരിരക്ഷ ഇല്ലാത്തതിനാല്‍ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനെ ഡോളര്‍ കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കോടതി വഴി ഖാലിദിനെതിരെ വാറന്‍റും പുറപ്പെടുവിച്ചു. തുടര്‍നടപടികള്‍ക്കായി വിദേശകാര്യമന്ത്രാലയത്തിന് ഇത് കൈമാറിയെങ്കിലും പിന്നീട് ഒരു അറിയിപ്പും കസ്റ്റംസിന് ലഭിച്ചിട്ടില്ല.

താമസിയാതെ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കും. തല്‍ക്കാലം നയതന്ത്ര പ്രതിനിധികളെയും ഫൈസല്‍ ഫരീദിനെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അപ്പോഴും ഇവരുടെ അഭാവം കേസിനെ ബാധിച്ചേക്കാമെന്ന ആശങ്കകള്‍ ബാക്കിയാവുകയാണ്.