ദില്ലി: സ്വർണക്കടത്തിൽ സിപിഎമ്മിനെതിരായ നീക്കം ദേശീയതലത്തിൽ ശക്തമാക്കി ബിജെപി. സ്വർണക്കടത്ത് കേസിലെ കണ്ണികൾ മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നു എന്നാരോപിച്ച മന്ത്രി വി മുരളീധരൻ അന്വേഷണം നീളില്ലെന്ന് വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയുടെ കരാറിനെക്കുറിച്ചുള്ള സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാക്കുന്നത്. 

ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ധാർമ്മികമായി മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല. ബിജെപിയും കേരളത്തിലെ ജനങ്ങളും മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെടുകയാണെന്നും വി മുരളീധരൻ പറഞ്ഞു  ദാവൂദ് ബന്ധം ഉൾപ്പടെ പുറത്തു വരുന്ന സാഹചര്യത്തിൽ ഗവർണ്ണറോട് റിപ്പോർട്ട് തേടി നടപടി എടുക്കുമോ എന്ന ചോദ്യത്തിന് ജനാധിപത്യ രാജ്യമാണെന്നും അന്വേഷണം വിശദമായി നടത്തി നടപടിയെടുക്കുമെന്നുമായിരുന്നു പ്രതികരണം. 

ദാവൂദ് ബന്ധത്തെക്കുറിച്ച് എൻഐഎ സൂചന നല്കിയത് ആയുധമാക്കാനാണ് ബിജെപി തീരുമാനം. എൻഐഎയെ എല്പിച്ച് മൂന്നു മാസത്തിനു ശേഷവും കള്ളക്കടത്തിൽ അന്താരാഷ്ട്ര ഭീകരസംഘടനകൾക്കുള്ള ബന്ധം പുറത്തുകൊണ്ടുവരാൻ ആയിട്ടില്ലെന്ന വിമർശനം നേരിടുമ്പോൾ കൂടിയാണ് ബിജെപി ദേശീയ നേതൃത്വത്തിൻറെ ഈ നീക്കം.