കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പിഎസ് സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കമ്മീഷണര്‍ നേരിട്ടാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സരിത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാര്‍ നേരിട്ട് പ്രതിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. 

സ്വർണ കള്ളക്കടത്ത് കേസിൽ ഇന്നലെ പത്ത് മണിക്കൂറോളമാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വപ്നയ്ക്കും സരിത്തിനും കള്ളകടത്ത് സംഘമായോ മറ്റേതെങ്കിലും ബിസിനസ് ഉളളതായോ അറിയില്ലെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപ്പെട്ടിട്ടില്ലെന്നും സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കറിന്‍റെ മൊഴിയില്‍ പറയുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. പ്രാഥമിക മൊഴി രേഖപ്പെടുത്തലാണ് ഇന്നലെ നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങൾ പരിശോധിക്കുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.

അതിനിടെ സ്വര്‍ണക്കടത്ത് കേസിൽ സന്ദീപിന്‍റെ സഹോദരൻ സ്വരൂപിനെ ഇന്ന് എൻ ഐ എ ഓഫിസിൽ എത്തിക്കും. സന്ദീപിന്‍റെ ബിസിനസ് കാര്യങ്ങളും സാമ്പത്തിക ഇടപാടുകളിലും സ്വരൂപിനും പങ്കുണ്ട്. ഇക്കാര്യങ്ങളിൽ സ്വരൂപിന്റെ മൊഴി രേഖപെടുത്തുമെന്നാണ് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്.