കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട്  കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊച്ചിയിൽ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്കിനെ കുറിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്തു വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ചായിരുന്നു എന്നുമാണ് മൊഴി. നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് കാരാട്ട് ഫൈസൽ ആണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസൽ. കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് നിന്നുമാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സ്വർണക്കടത്തിന്‍റെ മുഖ്യആസൂത്രകനായ കെ ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കാരാട്ട് ഫൈസലിലേക്ക് അന്വേഷണം എത്തിയത്.