തിരുവനന്തപുരം: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളെ എൻഐഎ കോടതി ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇവർക്ക് നിരവധി വിവരങ്ങൾ അറിയാമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. ഇതിനിടെ കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കണമെന്ന എൻഐഎ അപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും.

വാറൻറ് പുറപ്പെടുവിച്ചാൽ ഇൻറർപോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. നാലാം പ്രതിയായ സന്ദീപിൽ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും. കേസിലെ നിർണായക വിവരങ്ങൾ സന്ദീപിന്റെ ബാഗ് പരിശോധിച്ചാൽ ലഭിക്കുമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.