കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ ചോദ്യം ചെയ്യ്തു. അദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുത്തത്. ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടുനിന്നു.

കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. 

പ്രതി സ്വപ്നസുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപന്ക്കും കൂട്ടുപ്രതികൾക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കറിന്‍റെ നിലപാട്.  ഇക്കാര്യത്തിൽ മനപൂ‍വം മൗനം നടിച്ചതാണെങ്കിൽ ശിവശങ്കർ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറെ വിളിച്ചുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്‍റെ  വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. 

നയതന്ത്ര ബാഗ് തടഞ്ഞുവെച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒന്നിനും അഞ്ചിനും ഇടയിലുളള തീയതിയിൽ സ്വപ്ന ശിവശങ്കറിനെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തിയതായി കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിയെന്ന അധികാരമുപയോഗിച്ച് ബാഗ് വിടുവിക്കുകയോ തിരിച്ചയപ്പിക്കുകയോ ആയിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. നയതന്ത്ര ബാഗിലുളളത് കളളക്കടത്ത് സ്വർണമെന്നറിഞ്ഞ് ശിവശങ്കർ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് കുരുക്കാകും. 

ഇതിനിടെ സ്വപ്ന സുരേഷിന്‍റെ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കൂടി കസ്റ്റംസ് കണ്ടെത്തി. ലോക്കർ പരിശോധനയിലാണ് രേഖകൾ കണ്ടെടുത്തത്. ഈ പണം മരവിപ്പാക്കാൻ കസ്റ്റംസ് തിരുവനന്തപുരത്തെ ബാങ്കിനോട് ആവശ്യപ്പെട്ടു. നേരത്തെ ഒരു കോടി അഞ്ച് ലക്ഷം രൂപ സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ സ്വപ്ന കടുത്ത സാമ്പ‌ത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്നാണ് ശിവശങ്കർ എൻഐഎയോട് പറഞ്ഞത്. ഇടക്കാലത്ത്  പണം നൽകി സഹായിക്കുകയും ചെയ്തു. ഈ പൊരുത്തക്കേടും എൻഐഎ പരിശോധിക്കുന്നുണ്ട്.