Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ

നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ ഭീകരബന്ധവും ഉണ്ടെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 20 പേര്‍ക്കെതിരെ കുറ്റപത്രവും നല്‍കി. പക്ഷെ ഭീകരപ്രവര്‍ത്തനത്തെകുറിച്ച് ഒരു വരി പോലും കുറ്റപത്രത്തിലില്ല.
 

Gold Smuggling case: NIA submit Charge Sheet with out mentioning terrorism
Author
Kochi, First Published Feb 6, 2021, 7:28 AM IST

കൊച്ചി: സ്വര്‍ണക്കളളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയാതെ. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്നും അത് കൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം നല്‍കിയത്. സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊന്നും എന്‍ഐഎക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പ്രതികളുടെ ഈ ഉദ്ദേശ്യം തെളിയിക്കാനായില്ലെങ്കില്‍ യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍ പറയുന്നു. 

നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ ഭീകരബന്ധവും ഉണ്ടെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 20 പേര്‍ക്കെതിരെ കുറ്റപത്രവും നല്‍കി. പക്ഷെ ഭീകരപ്രവര്‍ത്തനത്തെകുറിച്ച് ഒരു വരി പോലും കുറ്റപത്രത്തിലില്ല. ഒരു പ്രതിക്കെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞില്ല. പകരം സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ തകര്‍ക്കുമെന്നും അതുകൊണ്ടു തന്നെ ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. 

പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കള്ളക്കടത്ത് നടത്തിയെന്ന് തെളിയിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കൂവെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. എന്നാല്‍ യുഎപിഎയിലെ 15ാം വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരം നേരിട്ടുള്ള ഭീകരപ്രവര്‍ത്തനം ഇല്ലെങ്കില്‍ പോലും കുറ്റം നിലനില്‍ക്കുമെന്നാണ് എന്‍ഐഎയുടെ വാദം. സ്വര്‍ണക്കള്ളക്കടത്ത് തടയേണ്ടത് യുഎപിഎ ഉപയോഗിച്ചാണോ എന്ന് പ്രതികളുടെ ജാമ്യഹര്ജി പരിഗണിക്കവേ എന്‍ഐഎ കോടതിചോദിച്ചിരുന്നു.യുഎപിഎ കുറ്റം തെളിയിക്കാനായില്ലെങ്കില് എന്‍ഐഎക്ക് അത് വലിയ തിരിച്ചടിയാകും.
 

Follow Us:
Download App:
  • android
  • ios