തിരുവനന്തപുരം: സ്പേസ് പാർക്കിന്‍റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനത്തെ നീക്കിയേക്കും. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാ‍ർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിൽ നിയമിച്ചതിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നൽകിയ വിശദീകരണത്തിൽ കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അതൃപ്തി രേഖപ്പെടുത്തി. സ്വപ്നയെ എങ്ങനെയാണ് നിയമിച്ചതെന്നും, അവരുടെ യോഗ്യതയടക്കം പരിശോധിച്ചതെങ്ങനെയെന്നും കാണിച്ച് പിഡബ്ല്യുസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുസിക്ക് കെഎസ്ഐടിഎൽ ലീഗൽ നോട്ടീസും നൽകി. കരാറിന്‍റെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്. ഇതിൽ പിഡബ്ല്യുസി വിശദീകരണം നൽകിയാലും സർക്കാർ അത് അംഗീകരിക്കാൻ സാധ്യതയില്ല. 

സ്വപ്നയുടെ നിയമനം വിഷൻ ടെക്നോളജി എന്ന കമ്പനി വഴിയായിരുന്നുവെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷൻ ടെക്‌നോളജിയാണെന്നുമാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വിശദീകരണമായി നൽകിയത്. ഇതിനായി മറ്റൊരു എച്ച്ആർ സൊല്യൂഷൻസ് കമ്പനിയുടെ സഹായം വിഷൻ ടെക്നോളജി തേടിയിരുന്നു എന്നാണ് പിഡബ്ല്യുസി വ്യക്തമാക്കിയത്. എച്ച് ആർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആ കമ്പനിയുടെ പേര്. 

പ്രതിമാസം ഒരുലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ഓപ്പറേഷന്‍സ് മാനേജര്‍ പദവിയില്‍ സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷ് നിയമിക്കപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പിഡബ്ല്യുസിക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഐഎല്‍ പറയുന്നു. സ്വപ്നയുടെ പശ്ചാത്തല അന്വേഷണം നടത്തിയതും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചതും കണ്‍സള്‍ട്ടന്‍സി കരാറുകാരായ പിഡബ്ല്യുസി മാത്രമാണ്. പിഡബ്ല്യുസിക്ക് നൽകുന്ന കരാർ തുകയിൽ നിന്നാണ് സ്വപ്നയ്ക്ക് ശമ്പളം നൽകിയിരുന്നത്, സർക്കാർ നേരിട്ടല്ല എന്നാണ് വിശദീകരണം. വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുൾപ്പടെ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ഐഐഎല്‍ എംഡി പിഡബ്ല്യുസിയോട് വിശദീകരണം തേടിയത്. 

സ്പേസ് പാർക്കുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ യഥാർത്ഥ പദവി എന്തായിരുന്നു എന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഓപ്പറേഷൻസ് മാനേജർ എന്നാണ് സ്വപ്നയുടെ വിസിറ്റിംഗ് കാർഡിലുള്ളത്. എന്നാൽ സ്വപ്ന സുരേഷ് തന്നെ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ ജോലി ചെയ്യുന്നയാൾ എന്നാണ്. 

സ്വപ്ന നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജം

സ്പേസ് പാര്‍ക്കില്‍ ജോലി നേടാനായി ബെംഗളുരു ആസ്ഥാനമായ വിഷന്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് സ്വപ്ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്യുമ്പോൾ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്‍ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ഡിപ്ലോമയും മാത്രം. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ കോൺസുൽ ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടാന്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ രേഖകള്‍ എന്തെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. പക്ഷേ, അവിടെ നിന്നും സ്പേസ് പാര്‍ക്കില്‍ ജോലിക്കെത്തിയപ്പോള്‍ ബികോം ബിരുദധാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന സമര്‍പ്പിച്ചത്. 

മുംബൈ ആസ്ഥാനമായുളള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്. എന്നാല്‍ ഇവിടെ ബികോം കോഴ്സ് തന്നെ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന മറുപടി. ഇതോടെയാണ് ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ സംശയനിഴലിലായത്. 

വ്യാജസർട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങിയതിന് സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വപ്നയുടെ നിയമനം അന്വേഷിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ എസ് ശിവശങ്കറിനെതിരെ സ്വപ്നയുടെ നിയമനം സംബന്ധിച്ച് നടപടിയെടുക്കാൻ നിലവിൽ തെളിവുകളില്ലെന്നും, തെളിവ് കിട്ടിയാൽ കർക്കശനടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.