കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഇന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ഏലത്തൂർ സ്വദേശി ടി എം സംജുവിനെ കോടതി റിമാന്റ് ചെയ്തു. സ്വർണ്ണക്കടത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതി കുറ്റം സമ്മതിച്ചെന്നും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്. കൂടുതൽ അന്വേഷണം വേണമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. സാമ്പത്തിക നിലയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന കേസെന്നും കസ്റ്റംസ് പറഞ്ഞു. ഏലത്തൂർ എരഞ്ഞിക്കൽ നെടിയമ്പ്രത്ത് സ്വദേശിയാണ് സംജു. എസ്എസ് ജ്വല്ലറി ഉടമയുടെ മകളുടെ ഭർത്താവാണ്. കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ്.

സംജുവിനെ കൂടാതെ മൂന്നു പേർ കൂടി ഇന്ന് രാവിലെ കസ്റ്റംസ് പിടിയിലായിരുന്നു. സ്വർണം വിറ്റഴിക്കാൻ  ഇടനിലക്കാരായവരാണ് ഇവർ. കേസിലെ മുഖ്യകണ്ണികളായ ജലാൽ, റമീസ് എന്നിവർ ഈ മാസം ഒന്ന് രണ്ട് തീയതികളിൽ തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന നിർണ്ണായക വിവരം കസ്റ്റംസിന് ലഭിച്ചു. ഈ രണ്ട് പേർക്കുമൊപ്പം അൻവർ, ഷാഫി എന്നിവരും ഉണ്ടായിരുന്നു. മൂന്ന് മുറികളാണ് ഹോട്ടലിൽ മുഹമ്മദാലി എന്ന പേരിൽ ബുക്ക് ചെയ്തിരുന്നത്. ഇതിൽ ഒരു മുറി മാത്രമാണ് ഉപയോഗിച്ചത്. ഹോട്ടലിന് സമീപത്തുളള ഫ്ലാറ്റിലും ഇവർ തങ്ങിയിരുന്നു. ഈ ഫ്ലാറ്റിലാണ് എം ശിവശങ്കര്‍ താമസിക്കുന്നത്.

സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഇതേ ദിവസങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഈ ദിവസങ്ങളിൽ സ്വപ്നയുടെ ടവർ ലൊക്കേഷനും സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചായിരുന്നു. സെക്രട്ടറിയേറ്റിനടുത്തുളള ഫ്ലാറ്റും ഹോട്ടലും കേന്ദ്രീകരിച്ച് പ്രതികളെല്ലാം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കാര്യം വ്യക്തമാവുകയാണ്. അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സ്വർണക്കടത്ത് കേസിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.