ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന.
പാലക്കാട്: ഡോ പി സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായി സൂചന. പാലക്കാട് ജില്ലയിലെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റ് തന്നെ സരിന് നൽകാനാണ് സിപിഎം സംസ്ഥാന തലത്തിലെ നീക്കം. അതുകൊണ്ട് സിപിഎമ്മിന് വലിയ പ്രതീക്ഷയില്ലാത്ത പാലക്കാട് മണ്ഡലത്തിൽ സരിനെ മത്സരിപ്പിക്കില്ല. ഒറ്റപ്പാലത്ത് കഴിഞ്ഞ തെരഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രേംകുമാർ വിജയിച്ചത് 25000 ലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സരിൻ . ഒറ്റപ്പാലത്തിന് സമീപം തിരുവില്ലാമല സ്വദേശിയായ സരിനെ മണ്ഡലത്തിൽ പുതിയതായി പരിചയപ്പെടുത്തേണ്ടതുമില്ല.
തദേശ തെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റമാണ് എൽഡിഎഫ് മണ്ഡലത്തിൽ ഉണ്ടാക്കിയത്. നിലവിലെ എംഎൽഎ കെ പ്രേംകുമാർ ഒറ്റ ടേമേ ആയിട്ടുള്ളൂവെങ്കിലും സിപിഎമ്മിൻ്റെ പ്രാദേശിക തലത്തിൽ വലിയ എതിർപ്പുണ്ടെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് പ്രേംകുമാറിനെ തൊട്ടടുത്തുള്ള ഷൊർണൂരിലേക്ക് മാറ്റിയേക്കും. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വി. ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡോ. പി സരിൻ പാർട്ടി വിട്ടത്.
തുടർന്ന് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാമത് പ്പോയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാൾ 2000 വോട്ടിൻ്റെ വ്യത്യാസം മാത്രമെയുണ്ടായിരുന്നുള്ളൂ. മണ്ഡലത്തിൽ സരിൻ വലിയ തരംഗം ഉണ്ടാക്കിയെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. പിന്നീടങ്ങോട്ട് സിപിഎമ്മുമായി അടുത്ത് പ്രവർത്തിക്കുന്ന സരിനെ വിജ്ഞാന കേരളം ഉപദേഷ്ടാവായി സർക്കാർ നിയമിച്ചിരുന്നു



