തിരുവനന്തപുരം: സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നയതന്ത്ര ബാഗേജ് പിടിച്ചെടുത്ത ദിവസങ്ങളിൽ പ്രതി സ്വപ്ന യുഎഇ കോൺസുൽ ജനറലിനേയും വിളിച്ചു. ഫോൺ വിളിയുടെ വിശദാംശങ്ങളാണ് പുറത്ത് വരുന്നത്. ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെ 20 തവണയാണ് സ്വപ്ന യുഎഇ കോൺസുലിനെ ഫോണിൽ വിളിച്ചിട്ടുള്ളത്. കസ്റ്റംസ് ബാഗേജ് പിടിച്ചെടുത്ത ദിവസങ്ങളിൽ അതായത് ജൂലായ് മൂന്നിനും നാലിനും അഞ്ചിനും സ്വപ്ന കോൺസുൽ ജനറലുമായി  ഫോണിൽ സംസാരിച്ചിട്ടുണ്ട് .

കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി നേരത്തെ ഇന്ത്യ വിട്ടിരുന്നു.  ചുമതല അറ്റാഷെക്ക് നൽകിയാണ്  കോൺസുൽ യുഎഇയിലേക്ക് പോയത്. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നിൽക്കെ അറ്റാഷെ ഇന്ത്യ വിട്ടെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് യുഎഇ കോൺസിലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ പുറത്ത് വരുന്നത്.  സ്വര്‍ണക്കടത്തുമായി ആര്‍ക്കും ബന്ധമില്ലെന്ന് പറഞ്ഞ യുഎഇ പിന്നീട് കേസിൽ അന്വേഷണം നടത്തുമെന്ന് നിലപാടെടുത്തിട്ടുണ്ട്.