കൊച്ചി: സ്വപ്നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. 

ശിവശങ്കറിന്‌ സ്വപ്നയുടെ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി ഉണ്ടായിരുന്നെതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പറഞ്ഞു. സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രളയ സഹായം സ്വരൂപിക്കാണ എം  ശിവശങ്കർ യു എ ഇ യിൽ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ

അതിനിടെ കസ്റ്റഡിയിൽ മാനസിക പീഡനം നേരിടുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന പരാതിപ്പെട്ടു . അഭിഭാഷകൻ വഴിയാണ് സ്വപ്ന സുരേഷ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നു എന്ന് അഭിഭാഷകൻ പറഞ്ഞു. വനിത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം ഇല്ലാതെ തുടര്‍ച്ചയായി ആറു മണിക്കൂർ  ചോദ്യം ചെയ്തു എന്നും സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു. 

പ്രതികളെ കസ്റ്റഡിയിൽ പീഡിപ്പിച്ചാൽ നടപടി ഉണ്ടാകും എന്ന് പറഞ്ഞ പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദ്യം ചെയ്യലിന് ഇടവേള നൽകണമെന്നും രാവിലെ 10 മുതൽ 5വരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും പറഞ്ഞു.