തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എൻഐഎ കസ്റ്റഡിയിൽ ഉള്ള മുഖ്യപ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. എൻഐഎ തിരയുന്ന ഫൈസൽ ഫരീദ് ഇന്നലെ ദുബായ് പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. 

ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കൈമാറുകയും ചെയ്യുക. രണ്ട് ഫൈസലിനെ നാട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്‍റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസ്സങ്ങളില്ല. എന്നാല്‍ എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

ഫൈസൽ ഫരീദാണ് സ്വർണമയക്കാൻ നേതൃത്വം കൊടുത്തത് എന്ന് പ്രതികൾ എൻഐഎയോട് സമ്മതിച്ചിട്ടുണ്ട്. ഫൈസലിനെ ചോദ്യം ചെയ്താൽ കേസുമായി നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ബന്ധത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. കേസിൽ കസ്റ്റംസ് ഇതുവരെ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കള്ളക്കടത്തിന് പണം നൽകിയ ചില ജ്വല്ലറി ഉടമകളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കും.