കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്‍റെ പിഎ നവാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്‌തു എന്ന വാര്‍ത്ത നിഷേധിച്ച് വി ഡി സതീശന്‍ എംഎല്‍എ. നവാസിനെ അറസ്റ്റ് ചെയ്‌തതായി ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചാരണം നേടിയിരുന്നു. വ്യാജ പ്രചാരണത്തില്‍ നവാസ് പൊലീസില്‍ പരാതി നല്‍കുമെന്നും വി ഡി സതീശന്‍ ഫേസ്‌ബുക്കില്‍ വ്യക്തമാക്കി. 

വി ഡി സതീശിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

എന്റെ പിഎ നവാസിനെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തു എന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആലുവയിലുള്ള ട്രൂ ലൈൻ എന്ന പോർട്ടലിൽ പി കെ സുരേഷ് കുമാർ എന്നയാളാണ് ഈ വാർത്ത ആദ്യം കൊടുത്തത്. ഇയാൾ ആന്തൂരിലെ സാജൻ ആത്മഹത്യ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ അപകീർത്തികരമായ വാർത്ത കൊടുത്തയാളാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ നിരന്തരമായി ഇത്തരം വാർത്തകൾ കൊടുക്കുന്നയാൾ. കേട്ടപാതി കേൾക്കാത്ത പാതി പല പ്രമുഖരും ഈ വാർത്ത ഷെയർ ചെയ്തു. നവാസ് ഇന്നുതന്നെ പൊലീസിൽ പരാതി കൊടുക്കും. ഇന്ന് രാവിലെ സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തപ്പോൾ തന്നെ എനിക്കറിയാമായിരുന്നു... ഇതുപോലെ എന്തെങ്കിലും... ഇത് ആസൂത്രണം ചെയ്തവരോട് പറഞ്ഞേക്ക്... ഞാൻ പേടിച്ചു പോയെന്ന് !!

 

Read more: ഐടി വകുപ്പിൽ ക്രമക്കേട് നടന്നോ? നിയമനങ്ങൾ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും