Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ ഉന്നത ബന്ധങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു

കോൺസുലേറ്റിൽ നിന്നും വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവർത്തന കേന്ദ്രം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി

gold smuggling swapna relations is being investigated by central agencies
Author
Thiruvananthapuram, First Published Jul 7, 2020, 6:25 AM IST

ദില്ലി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു.

പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിൽ. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തി.ദാമ്പത്യവും തകർന്നു. 

ഇതിനിടയിൽ തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. പിന്നീട് എയ‍ർ ഇന്ത്യാ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റ് ജനറലിൻറെ പ്രൈവറ്റ് സെക്രട്ടറിയായുള മാറ്റം. വിവിധ ഭാഷകളിലെ പ്രാവീണ്യം, ആരെയും ആകർഷിക്കാൻ കഴിയുന്ന സ്വഭാവവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി. 

കോൺസുലേറ്റിൽ നിന്നും വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവർത്തന കേന്ദ്രം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐടി വകുപ്പിൽ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായി വിവരം കിട്ടി. ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു.

Follow Us:
Download App:
  • android
  • ios