ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടികൂടി. അര കിലോ സ്വർണവുമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായത്

കൊച്ചി: കണ്ണൂർ വിമാനത്താവളത്തിലും നെടുമ്പാശ്ശേരിയിലും വൻ സ്വർണവേട്ട. കൊച്ചിയിൽ ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 919 ഗ്രാം തങ്കം പിടികൂടിയത്. നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് തങ്കം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി. 

അര കിലോ സ്വർണവുമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായത്. ബെംഗളൂരുവിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി ജസീലിനെ സിആർപിഎഫാണ് പിടികൂടിയത്. 21 ലക്ഷം വില വരുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്.

കരിപ്പൂർ സ്വർണക്കടത്തുകാരുടെ പറുദ്ദീസയോ? 8 മാസത്തിനിടെ പിടിച്ചത് 105 കോടിയുടെ സ്വർണം

കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു. സ്വര്‍ണം വ്യാപകമായി പിടികൂടി തുടങ്ങിയതോടെ കടത്താന്‍ പുതിയ വഴികള്‍ തേടുകയാണ് കാരിയര്‍മാര്‍.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് മാത്രം വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 43 കിലോ സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു.