Asianet News MalayalamAsianet News Malayalam

നട്ടെല്ലിന് പരിക്കേറ്റവര്‍ക്ക് ആശ്വാസ വാര്‍ത്ത!, നടന്നു പരിശീലിക്കാന്‍ ഇനി ജീ ഗെയ്റ്റര്‍ റോബോട്ട്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അത്യാധുനിക റോബോട്ടിക് ഉപകരണത്തിന്‍റെ ഉദ്ഘാടനം നവംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Good news for those with back injuries! Now G Gaiter robot to practice walking
Author
First Published Oct 31, 2023, 9:00 AM IST

തിരുവനന്തപുരം: നട്ടെല്ലിന് പരിക്കേറ്റോ പക്ഷാഘാതം മൂലമോ നടക്കാൻ കഴിയാത്തവരെ നടക്കാൻ പരിശീലിപ്പിക്കുന്ന അത്യാധുനിക റോബോട്ടിക് മെഡിക്കൽ ഉപകരണം ഇനി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ആദ്യത്തെ ഉപകരണം നാലാം തീയതി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കേളത്തിന്‍റെ സ്വന്തം സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് ആണ് ജീ ഗെയ്റ്റർ എന്ന റോബോട്ടിക് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്.

മാലിന്യക്കുഴികള്‍ വൃത്തിയാക്കുന്നതിനിടെ അതില്‍ അപകടത്തില്‍പെടുന്നതിന്‍റെ വാര്‍ത്തകള്‍ പതിവാകുന്നതിനിടെയാണ് കേരളത്തില്‍നിന്നുള്ള ഒരു സംഘം ചെറുപ്പക്കാര്‍ ജെന്‍ റോബോട്ടിക്സ് എന്ന സ്ഥാപനം തുടങ്ങുന്നതും മാലിന്യക്കുഴി വൃത്തിയാക്കാന്‍  യന്ത്രമനുഷ്യനെ അവതരിപ്പിക്കുന്നതും. ഇവര്‍ അവതരിപ്പിച്ച റോബോട്ടിക് ഉപകരണം പിന്നീട് പല സംസ്ഥാനങ്ങളും ഏറ്റെടുത്തു. ഇത്തരത്തില്‍ രാജ്യ ശ്രദ്ധനേടിയ ജെന്‍ റോബോട്ടിക്സിന്‍റെ ഏറ്റവും പുതിയ ഉപകരണമാണ് ജീ ഗെയ്റ്റര്‍. 

അപകടത്തില്‍പെട്ടും മറ്റു ആരോഗ്യകാരണങ്ങളാലും നടക്കാന്‍ കഴിയാത്തവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് സഹായകരമാകുന്ന ഉപകരമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഇരുമ്പു ദണ്ഡുകളില്‍ പിടിച്ച് നടത്തിച്ചുകൊണ്ടുള്ള ഫിസിയോ തെറപ്പിയാണ് ആളുകള്‍ക്ക് നല്‍ക്കാറുള്ളത്. എന്നാല്‍, ഇതില്‍ പലരീതിയിലുള്ള ബുദ്ധിമുട്ടും ആളുകള്‍ക്കുണ്ടാകാറുണ്ട്. ഈ രീതിയില്‍നിന്നും കൂടുതല്‍ എളുപ്പത്തില്‍ തെറപ്പി നടത്തുന്നതിന് സഹായകമാകുന്ന ഉപകരണമാണ് ജി ഗെയ്റ്റര്‍. 1.86കോടി മുടക്കി കെ ഡിസ്ക് ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉള്‍പ്പെടെ ജി ഗെയ്റ്റര്‍ സ്ഥാപിക്കും. ഒരു ദിവസം 16 രോഗികള്‍ക്ക് 20 മിനുട്ട് വീതം പരസഹായമില്ലാതെ ഈ യന്ത്രം ഉപയോഗിച്ച് നടന്നു പരിശീലിക്കാനാകും. 

വീല്‍ ചെയറിലിരുത്തിയശേഷം ട്രാമ്പ് വഴിയാണ് രോഗികളെ ഉപകരണവുമായി കയറ്റുന്നത്. പിന്നീട് വീല്‍ചെയര്‍മാറ്റി ഉപകരണവുമായി രോഗിയെ ബന്ധിപ്പിക്കും. യന്ത്രം നിയന്ത്രിക്കാന്‍ ഒരാള്‍ നിയന്ത്രിക്കാനാുണ്ടാകും. കൃത്യമായ സുരക്ഷ ഉറപ്പാക്കിയാണ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത്. ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരവും നേടിയിട്ടുണ്ട്.  നടക്കാന്‍ കഴിയാത്ത രോഗിയെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന അതിനൂതന ഉപകരണമാണിത്. നവംബര്‍ നടക്കുന്ന കേരളീയം പരിപാടിയിലായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപകരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതിനുശേഷം പൊതുജനങ്ങള്‍ക്ക് സൗജന്യമായി യന്ത്രത്തിന്‍റെ സേവനം ലഭിക്കും.

 

Follow Us:
Download App:
  • android
  • ios