ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. 

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളുടെ ഏറ്റമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ കൊലക്കേസ് പ്രതി 'മെൻറൽ' ദീപു (37) (Mental Deepu) മരിച്ചു. വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സ്വന്തം സംഘത്തിലുള്ളവർ തന്നെ ദീപുവിനെ ആക്രമിച്ചത്. ജാമ്യത്തിലിറങ്ങിയതിൻറെ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

കഴക്കൂട്ടത്ത് പട്ടാപ്പകൽ പച്ചക്കറികടയില്‍ കയറി ചെറുപ്പക്കാരനെ വെട്ടിക്കൊന്നതടക്കം നിരവധിക്കേസുകളിൽ പ്രതിയാണ് ദീപു. ഒരു വധശ്രമക്കേസിൽ ജയിലായിരുന്ന ദീപുവിനെ ജാമ്യത്തിലിറക്കിയത് സുഹൃത്തും ഗുണ്ടയുമായ അയിരൂപ്പാറ കുട്ടനാണ്. കഴിഞ്ഞ ബുധനാഴ്ച ജാമ്യത്തിലിറങ്ങിയതിൻെറ ആഘോഷം നടത്താൻ ഗുണ്ടകള്‍ ഒത്തു ചേർന്നു. മണ്ണുമാഫിയുടെ സഹായികളായി പ്രവർത്തിക്കുന്ന ഗുണ്ടകള്‍ ചന്തവിളയിലാണ് ഒത്തു ചേർന്നത്. ഇവിടെ ടിപ്പർ ലോറി ഡ്രൈവർമാർക്കായി വാടക്കെടുത്തിരിക്കുന്ന മുറിയിൽ ഗുണ്ടകള്‍ ഒത്തു ചേർന്ന് മദ്യപിച്ചു. ഇതിനിടെ ഗുണ്ടകള്‍ തമ്മിൽ വാക്കു തർക്കമായി. 

കുട്ടൻ, സ്റ്റീഫൻ,പ്രവീണ്‍, ലിബിൻ എന്നി ചേർന്ന് ദീപുവിനെ മർദ്ദിച്ചു. ബിയർകുപ്പി കൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദീപു ഇന്ന് രാവിലെ എട്ടുമണിക്ക് മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് മരിച്ചു. 

ഈ കേസിലെ നാലു പ്രതികളെയും പോത്തൻകോട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ കാവലും ഗുണ്ടാ അമർച്ചയുമൊക്കെ കാര്യമായി പുരോഗമിക്കുകയാണെന്ന് പോലീസ് വിശദീകരിക്കുമ്പോഴാണ് പോത്തൻകോട്, മംഗലപുരം കേന്ദ്രീകരിച്ച് ഗുണ്ടസംഘങ്ങള്‍ വിലസുന്നതും ത‍ർക്കത്തിൽ ഗുണ്ട കൊല്ലപ്പെടുന്നതും.