വനം വകുപ്പിന്‍റെ വകുപ്പ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ പി. സൂരജിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ ആണ് പരിശോധന നടത്തിയത്.

നിലമ്പൂർ: മലപ്പുറം നിലമ്പൂർ വനമേഖലയിൽ ചാലിയാറിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സ്വർണം അരിച്ചെടുക്കുകയായിരുന്ന 7 അംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മോട്ടർ ഉൾപ്പെടെ തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ചിൽ പനയംകോട് സെക്ഷനിൽ ആയിരവല്ലിക്കാവ് വനത്തിലാണ് സംഭവം. ഒഴുകുന്ന ചാലിയാറിലാണ് സംഭവം. വനം വകുപ്പിന്‍റെ വകുപ്പ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫീസർ പി. സൂരജിന്‍റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ ആണ് പരിശോധന നടത്തിയത്.

മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ്(56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങാ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി. സുന്ദരൻ (40) എന്നിവരെ അറസ്റ്റ് ചെയ്തു. പനയംകോട് എസ്എഫ്ഒ സി.കെ. വിനോദ്, ബിഎഫ്ഒ മാരായ എം. നൗഷാദ്, പി.പി. അഖിൽ ദേവ് , എൻ. ജിഷ്ണു എന്നിവർ ചേർന്നാണ് പിടി കൂടിയത്. നടപടികൾക്ക് ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.