Asianet News MalayalamAsianet News Malayalam

സബ്ജക്ട് കമ്മിറ്റിയിയിൽ സിപിഐ ഭേദഗതി സർക്കാർ അംഗീകരിച്ചു: ലോകായുക്ത ബിൽ നാളെ വീണ്ടും സഭയിൽ

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സിപിഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം.

Government Approves the Amendment of CPI In Lokayukta Bill
Author
Thiruvananthapuram, First Published Aug 23, 2022, 9:11 PM IST

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയുടെ നിർദേശങ്ങൾ അംഗീകരിച്ച് സർക്കാർ. സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലിൽ ആണ് ഭേദഗതിക്ക് തീരുമാനമായത്. അതേസമയം സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം ഭേദഗതിയെ ശക്തമായി എതിർത്തു.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സിപിഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം. എംഎൽഎമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനപരിശോധന നടത്താൻ അധികാരം. ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം  സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിലുണ്ട്.

പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ ചേരുന്ന നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിക്കുന്നത്.

'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണം'; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിനിധികള്‍. ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും  ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. വ്യവസായ വകുപ്പ് പരാജയമാണെന്നും വിമര്‍ശനമുണ്ട്.

കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിന്‍റെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്. കരിമണൽ, കയർ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും രണ്ട് ധ്രുവങ്ങളിലാണ്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചകളിൽ ഇതെല്ലാം  പ്രതിഫലിച്ചു. ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തില്‍ ഉണ്ടായത്. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ്  പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നുമാണ് വിമര്‍ശനം. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എക്സൽ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നും വിമര്‍ശനമുണ്ടായി.

Latest Videos
Follow Us:
Download App:
  • android
  • ios