ജലവിഭവ വകപ്പില്‍ നിന്ന് മാത്രം 4000 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കരാറുകാര്‍.
കോഴിക്കോട്: സര്‍ക്കാര്‍ കരാറുകാര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക 15,000 കോടി രൂപ കടന്നു. ജലവിഭവ വകുപ്പില്‍ നിന്ന് മാത്രം 4000 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കരാറുകാര്‍.
ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കരാറുകാര്‍ക്ക് കിട്ടാനുള്ളത് 3000 കോടി രൂപയോളമാണ്. കരാറുകാര്‍ക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചതും ജല്‍ജീവന്‍ മിഷന്‍ പദ്ധതി തന്നെ. പണം കിട്ടാതായതോടെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല. റോഡ് കീറി പൈപ്പിട്ടെങ്കിലും പണം കിട്ടാതായതോടെ അത് ടാര്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കരാറുകാർ. ജല്‍ജീവന്‍ മിഷന്‍റെ കാലാവധി മാര്‍ച്ചില്‍ കഴിഞ്ഞെങ്കിലും നീട്ടാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജല അതോറിറ്റിയില്‍ അറ്റകുറ്റപ്പണി ഇനത്തില്‍ 168 കോടിയോളം രൂപ വരും കുടിശ്ശിക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ ചെയ്ത വകയില്‍ 2500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തില്‍ നിന്നുള്ള കുടിശ്ശിക അഞ്ഞൂറു കോടി കടന്നു. ചരിത്രത്തില്‍ ഇത്രയും കുടിശ്ശിക വരുന്നത് ഇതാദ്യമായാണെന്നാണ് കരാറുകാര്‍ പറയുന്നത്. കുടിശ്ശിക കുന്നു കൂടുമ്പോഴും കരാറുകാര്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസും ഡെപ്പോസിറ്റ് തുകയുമെല്ലാം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ പുതിയ കരാര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തി വെക്കുകയാണ് കരാറുകാര്‍.
നിര്‍മ്മാണ സാമഗ്രികളുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. പ്രവൃത്തി സമയബന്ധിതമായി തീര്‍ത്തില്ലെങ്കില്‍ അതിനു പിഴയടക്കേണ്ടി വരും. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലിന് ട്രഷറിയില്‍ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണെന്നാണ് കരാറുകാര്‍ പറയുന്നത്. കുടിശ്ശിക തുക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനിലേക്ക് അടുത്ത മാസം മൂന്നിന് മാര്‍ച്ച് നടത്താനാണ് സര്‍ക്കാര്‍ കരാറുകാരുടെ തീരുമാനം.

