Asianet News MalayalamAsianet News Malayalam

വയനാടിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍; മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി
ഏറ്റെടുക്കാനാണ് തീരുമാനിച്ചത്

government decided to take land for wayanad medical college
Author
Thiruvananthapuram, First Published Aug 21, 2019, 4:12 PM IST

തിരുവനന്തപുരം: വയനാടന്‍ ജനതയുടെ ഏറക്കാലത്തെ സ്വപ്നമാണ് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് എന്നത്. 2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ച
മെഡിക്കല്‍ കോളേജിന്‍റെ നിര്‍മ്മാണം പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ വയനാടിന്‍റെ സ്വപ്നം
യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനായി ഭൂമി ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി
ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി
ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. 

വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും

സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  ഇതിനുവേണ്ടി
നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. 

പൊതുമേഖലാ ബോണസ്: മാര്‍ഗ്ഗരേഖ അംഗീകരിച്ചു

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.

പവര്‍ലൂം തൊഴിലാളികള്‍ കൂടി ക്ഷേമനിധി ആക്ടിന്‍റെ പരിധിയിലേക്ക്

പവര്‍ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി
ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമഭേദഗതി വരുമ്പോള്‍ പവര്‍ലൂം തൊഴിലാളികള്‍ക്ക് കൂടി ക്ഷേമനിധിബോര്‍ഡിന്‍റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 

ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം നേടിയവര്‍ക്കും സര്‍ക്കാര്‍ ജോലി

35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍
സൂപ്പര്‍ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പൊതുഭരണവകുപ്പ് വഴി നിയമനം നല്‍കാന്‍ തീരുമാനിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്നവര്‍ക്കു
മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്. 

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് 8 തസ്തികകള്‍
സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും
(കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടെക്നിക്കല്‍ എക്സ്പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്‍റിനെ
കരാര്‍ അടിസ്ഥാനത്തിലും നിയമിക്കും. 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം
ശമ്പളകമ്മീഷന്‍റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍
തീരുമാനിച്ചു. 

മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി
ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്‍റ് ഓഫ് ഫെയര്‍
വേജസ് ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.  മോട്ടോര്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി
കൊണ്ടുവരുന്നത്. 

തസ്തിക മാറ്റം: മുന്‍നില തുടരും

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2014 ജനുവരി 3-ന് മുമ്പ് വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് പത്തു ശതമാനത്തിനുമേല്‍
തസ്തികമാറ്റനിയമനം അനുവദിച്ചിരുന്നത് തുടരാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ 2014 ജനുവരി 3-ന്‍റെ
ഉത്തരവ് ഭേദഗതി ചെയ്യും. 

മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഒരു സീനിയര്‍ സൂപ്രണ്ടിന്‍റെയും ഒരു എല്‍.ഡി. ക്ലാര്‍ക്കിന്‍റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ 17500-39500 എന്ന ശമ്പള സ്കെയിലില്‍ 3 മെക്കാനിക്കല്‍ അസിസ്റ്റന്‍റ് തസ്തിക പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു. 

കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിനും തീരുമാനമായി.

Follow Us:
Download App:
  • android
  • ios