സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസമായി സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിയമനം നടക്കാത്തതിലാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്ക്ക് വിളിക്കുന്നത്. സമരസമിതി ഇതുവരെ ഏഴു തവണ സർക്കാരിനെ കണ്ടിരുന്നു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ സമരവുമായി വീണ്ടും രം​ഗത്തെത്തിയത്. ഇടത് സർക്കാറിന്റെ അവസാന കാലത്തും ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ പറയുന്നു.

കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിച്ച്, വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോ​ഗാർഥികൾ ആവശ്യപ്പെടുന്നു.

YouTube video player