കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ്(23) ആണ് മരിച്ചത്

കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ്(23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.40 ഓടെ ചെങ്ങോട്ടുകാവ് എളാട്ടേരിയിലാണ് സംഭവം. വൈകീട്ട് കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ വടക്കേടംകണ്ടിയിലെ കിണറില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്.

അധികം ഉയരമില്ലാത്ത ആള്‍മറയുള്ള കിണറ്റിലാണ് വിദ്യാര്‍ത്ഥി വീണത്. ഉടനെ കൊയിലാണ്ടി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും സേനയെത്തി റെസ്‌ക്യൂ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കിണറ്റില്‍ നിന്നും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. വത്സരാജ് ആണ് അഖിലിന്റെ പിതാവ്. അമ്മ: ഗീത.