രാമനാട്ടുകാര ബിവറേജസ് ഔട്ട്‌ലെറ്റിന്‍റെ പൂട്ടു തകര്‍ത്ത് 2.60 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന യുവാവിനെ ഡല്‍ഹിയില്‍ എത്തി പിടികൂടി പോലീസ്
കോഴിക്കോട്: രാമനാട്ടുകാര ബിവറേജസ് ഔട്ട്‌ലെറ്റിന്‍റെ പൂട്ടു തകര്‍ത്ത് 2.60 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന യുവാവിനെ ഡല്‍ഹിയില്‍ എത്തി പിടികൂടി പോലീസ്. മലപ്പുറം കാരാട് സ്വദേശി പുല്ലാലയില്‍ ഷിജിലി(26)നെയാണ് ഫറോക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ഔട്ട്‌ലെറ്റിന് അവധിയായിരുന്ന രാത്രിയിലാണ് മോഷണം നടന്നത്. ഷിജില്‍ രാമനാട്ടുകരയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തുകയും അയലില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ച് ഇത് ധരിച്ച് ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തുകയുമായിരുന്നു. മോഷണം നടത്തിയത് അതിഥി തൊഴിലാളികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം.
ഇവിടെയുണ്ടായിരുന്ന സി.സി.ടി.വി കാമറകള്‍ തിരിച്ചുവെച്ചാണ് മോഷണം നടത്തിയത്. പണം കവര്‍ന്ന ശേഷം പാലക്കാട് എത്തുകയും ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് കടക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. വിവിധ മോഷണക്കേസുകളില്‍ പ്രതിയാവുകയും അഞ്ചോളം വാറണ്ടുകള്‍ നിലവിലുള്ളയാളുമായ ഷിജില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതെ ഇരുന്നത് പോലീസിനെ വലച്ചു. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സമാന കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിച്ചുമാണ് അന്വേഷണ സംഘം ഇയാളിലേക്കെത്തിയത്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഷിജില്‍ ഡല്‍ഹിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

