തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരും മാനേജ്മെന്‍റും തൊഴിലാളി യൂണിയനുകളും ചേർന്ന് ത്രികക്ഷി കരാറുണ്ടാക്കും. ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകള്‍ സത്യഗ്രഹ സമരം അവസാനിപ്പിച്ചു.

തുടർച്ചയായി മൂന്ന് മാസം ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത സാഹചര്യത്തിലാണ് ഭരണ പ്രതിപ്രക്ഷ യൂണിയനുകൾ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യഗ്രഹ സമരം തുടങ്ങിയത്. ഭരണപക്ഷ യൂണിയന്‍റെ സമരം 28ദിവസം പിന്നിടുകയും പ്രതിപക്ഷ യൂണിയൻ പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ്, ഗതാഗത മന്ത്രി ചർച്ച നടത്തിയത്. കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് വേണ്ടതെന്ന് യോഗത്തിൽ ധാരണയായി.

മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ഇതിനായി സമഗ്ര പാക്കേജ് തയ്യാറാക്കും. സർക്കാർ സഹായം സംബന്ധിച്ച ഉറപ്പ്, മാനേജ്മെന്‍റ്  നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ, തൊഴിലാളി യൂണിയനുകൾ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ഉൾപ്പെടുത്തി ത്രികക്ഷി കരാറുണ്ടാക്കും. ശമ്പള വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. കിഫ്ബി സഹായത്തോടെ പുതിയ ബസ്സുകൾ നിരത്തിലിറക്കും. '

മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 20 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചുവെന്ന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്‌ അറിയിച്ചു. ഭരണാനുകൂല ട്രേഡ് യൂണിയനുകള്‍ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സത്യഗ്രഹ സമരവും അവസാനിപ്പിച്ചു.