അധ്യാപക വിദ്യാർഥി അനുപാതം 1:30ൽനിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽനിന്നും അഭിപ്രായം തേടും.

തിരുവനന്തപുരം: എൽപിഎസ്ടി(ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) ഉദ്യോ​ഗാർഥികളുടെ സമരം തീർക്കാൻ സർക്കാർ. ഉദ്യോ​ഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചചെയ്യും. മന്ത്രിസഭാ യോ​ഗത്തിന് ശേഷം സമരക്കാരുമായി ചർച്ച നടത്തും.

ഉദ്യോ​ഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉദ്യോ​ഗാർഥികളുടെ ചില ആവശ്യങ്ങളിലാണ് സർക്കാരിന് മുന്നിൽ തടസ്സങ്ങളുണ്ടായിരുന്നത്. ഇതിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്നം. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരി​ഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽനിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽനിന്നും അഭിപ്രായം തേടും.

2017-ൽ ഹൈസ്കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽനിന്ന് 1:40 ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്ടിയിലും നൽകാനാണ് ആലോചന. ഈ ഇളവുകൾ നൽകിയാൽ സമരം തീരാനാണ് സാധ്യത.

ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് മന്ത്രിസഭാ യോ​ഗം. യോ​ഗത്തിൽ പുതിയ നിർദേശങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ചർച്ചയാകും. മന്ത്രിസഭാ യോ​ഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ഉദ്യോ​ഗാർഥികളുമായി ചർച്ച നടത്താനാണ് സാധ്യത.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരം നിലവിൽ 133 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ നിരാഹാര സമരം 22 ​ദിവസമായും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വളർമതിയുടെ ആരോ​ഗ്യനില മോശമായിരുന്നു. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വളർമതി നിരാഹാര സമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സമരം തീർക്കാൻ സർക്കാരിന്റെ ഭാ​ഗത്തുനിന്ന് തിരക്കിട്ട നീക്കങ്ങളുണ്ടാകുന്നത്.

LPST സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ; വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും