തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്.

ലൈഫ് മിഷൻ ക്രമക്കേടിനെക്കുറിച്ച് വിവാദം ഉയർന്നു തുടങ്ങിയിട്ട് മാസങ്ങളായി. പദ്ധതി സംബന്ധിച്ച ധാരണാപത്രം, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാവിനോ മാധ്യമങ്ങൾക്കോ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല. എല്ലാം പരിശോധിക്കുകയാണെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. ആരോപണങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് സർക്കാർ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ഇടപാടുകൾ, യുഎഇ കോൺസുലേറ്റുമായി ധാരണാപത്രത്തിൽ നേരിട്ട് ഒപ്പുവച്ച നടപടികൾ, പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലുകൾ എന്നിവയെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.