Asianet News MalayalamAsianet News Malayalam

'ഒരു വഴിയുമില്ല, ആ കുഞ്ഞൂട്ടിയാ ഭക്ഷണം കൊടുത്തയക്കുന്നത്': പെൻഷൻ മുടങ്ങിയ പാത്തുമ്മയുടെ ദുരിതം സർക്കാർ കാണണം

അയൽവാസികളുടെ കാരുണ്യത്താലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നതെന്ന് പാത്തുമ്മ

government promised to pay one months pension before Nava Kerala Sadas should see the pathetic condition of old lady Pathumma SSM
Author
First Published Dec 8, 2023, 10:19 AM IST

മലപ്പുറം: നവകേരള സദസ്സ് തുടങ്ങുംമുമ്പേ ഒരു മാസത്തെ പെൻഷൻ കൊടുക്കുമെന്ന പറഞ്ഞ സർക്കാർ മലപ്പുറം കുന്നുമലിലെ വൃദ്ധയായ പാത്തുമ്മയെ കാണണം. ഏക ആശ്വാസമായ വിധവാ പെൻഷൻ മാസങ്ങളായി കുടിശ്ശികയാണ്. അയൽവാസികളുടെ കാരുണ്യത്താലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നതെന്ന് പാത്തുമ്മ പറയുന്നു. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാവാത്തതാണ് തടസ്സമെന്ന സാങ്കേതിക വാദം ഉദ്യോഗസ്ഥർ നിരത്തുമ്പോൾ മലപ്പുറത്ത് മാത്രം ആയിരക്കണക്കിന് അമ്മമാരാണ് ഇങ്ങനെ കാത്തിരിക്കുന്നത്.

മലപ്പുറം കുന്നുമലിലെ കുഞ്ഞുവീട്ടിലാണ് പാത്തുമ്മ താമസം. സഹായത്തിന് ആരുമില്ല. ശ്വാസംമുട്ടും മറ്റ് അസുഖങ്ങളുമേറെയുണ്ട്. ആകെയുളള ഒരാശ്വാസം വിധവാ പെൻഷനായിരുന്നു. അതിപ്പോൾ മുടങ്ങിയിട്ട് മാസം അഞ്ച് കഴിഞ്ഞു. മരുന്നിനും ഭക്ഷണത്തിനുമുളള വക ഇതിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. ഇപ്പോൾ അയൽവാസികളുടെയും സുമനസ്സുകളുടെയും സഹായം മാത്രം.

"ഒരു മാര്‍ഗ്ഗവുമില്ല. എവിടെയും പോകാനില്ല. അപ്പുറത്തെ കുഞ്ഞൂട്ടിയാണ് ഭക്ഷണം കൊടുത്തയക്കുന്നത്. രാവിലത്തെ ചായയും ഉച്ചക്കത്തെ ചോറും" - പാത്തുമ്മ പറഞ്ഞു.

പാത്തുമ്മയെപോലെ മലപ്പുറം നഗരസഭാ പരിധിയിൽ മാത്രം 332 പേരാണ് വിധവാ പെൻഷന് മാസങ്ങളായി കാത്തിരിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തായ പൂക്കോട്ടൂരിൽ 821 പേർക്ക് പണം കിട്ടിയിട്ടില്ല. മസ്റ്ററിംഗ് പൂർത്തിയാവാത്തതാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. 50 വയസ്സിന് മുകളിൽ പ്രായമുളള വിധവകൾക്ക് പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം വേണ്ടെന്നാണ് ചട്ടം. എന്നാൽ 80 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് പോലും വിധവാ സർട്ടിഫിക്കറ്റിന്‍റെ പേരിൽ പണം തടഞ്ഞെന്നാണ് വിവരം. 

പരാതികൾ കുന്നുകൂടിയതോടെ, ഈ മാസം 15 വരെ മസ്റ്ററിംഗ് നടത്തി പുതിയ പട്ടിക സമ‍പ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ പട്ടിക പരിശോധിച്ച് പെൻഷൻ അനുവദിക്കുമ്പോഴേക്കും ചുരുങ്ങിയത് ഒരുമാസം കഴിയുമെന്നാണ് വിവരം. 

 

Latest Videos
Follow Us:
Download App:
  • android
  • ios