Asianet News MalayalamAsianet News Malayalam

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച; അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

government says in high court take action for appoint security staff in kuthiravattam mental hospital
Author
Kozhikode, First Published Feb 23, 2022, 2:44 PM IST

കൊച്ചി: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ (Kuthiravattam Mental health center)  അടിയന്തിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എട്ട് പേരെ ഉടൻ നിയമിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടൽ. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ 470 അന്തേവാസികള്‍ക്കായി നാല് സെക്യൂരിറ്റി ജീവനക്കാരാണ് നിലവിലുള്ളത്. ഇങ്ങനെ തുടരാനാകില്ലെന്നും ഇത് സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉടന്‍ തന്നെ  എട്ട് സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി പോയ ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊർണൂരില്‍ വച്ച് പൊലീസ് കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ.

Also Read: ഒരാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: കുതിരവട്ടത്ത് നിന്ന് ഒരാൾ കൂടി ചാടി, പൊലീസ് കണ്ടെത്തിയെന്ന് വിവരം

നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഇന്‍ചാർജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയെന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന ചോദ്യം ഉയർന്നു. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമായി തന്നെയാണ് ആരോഗ്യ വകുപ്പ് വിലയിരുത്തിയത്.

Also Read:  കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Follow Us:
Download App:
  • android
  • ios