Asianet News MalayalamAsianet News Malayalam

ഒരാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: കുതിരവട്ടത്ത് നിന്ന് ഒരാൾ കൂടി ചാടി, പൊലീസ് കണ്ടെത്തിയെന്ന് വിവരം

ഇന്നലെയാണ് ഹൈക്കോടതി സുരക്ഷ വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഒരാൾ കൂടി ചാടിപ്പോയത് ആരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷാ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ വെളിവാക്കുന്നു

Kuthiravattam fifth patient escaped in a week found says Police
Author
Kuthiravattam Hospital, First Published Feb 22, 2022, 1:17 PM IST

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ ഒരാൾ കൂടി ചാടിപ്പോയി. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട 24കാരനാണ് ഇവിടെ നിന്ന് കടന്നത്. ഒരാഴ്ചക്കിടെ ഇവിടെ നിന്ന് അന്തേവാസി ചാടിപ്പോകുന്ന അഞ്ചാമത്തെ സംഭവമാണിത്. ഇന്ന് ചാടിപ്പോയ യുവാവിനെ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് യുവാവിനെ കണ്ടെത്തിയത്. അതേസമയം ഒരാഴ്ചക്കിടെ ചാടിപ്പോയ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നതും പതിവായ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് സുരക്ഷ വർധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇന്നലെയാണ് ഹൈക്കോടതി സുരക്ഷ വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഒരാൾ കൂടി ചാടിപ്പോയത് ആരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷാ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ വെളിവാക്കുന്നു.

ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ചും ഭിത്തി തുരന്നും ഓട് പൊളിച്ചുമെല്ലാം അന്തേവാസികൾ കുതിരവട്ടത്ത് നിന്ന് പുറത്ത് കടക്കുകയാണ്. ഇവർക്ക് പിന്നാലെ നിരന്തരം ഓടേണ്ട സാഹചര്യത്തിലാണ് പൊലീസും. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ. നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 

പരമാവധി 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള കുതിരവട്ടത്ത് നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഇന്‍ചാർജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയെന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന ചോദ്യം ഉയർന്നു. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമായി തന്നെയാണ് ആരോഗ്യ വകുപ്പ് വിലയിരുത്തിയത്.

Follow Us:
Download App:
  • android
  • ios