എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം : ശനിയാഴ്ച വിരമിക്കുന്ന എം ജി വിസി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന ആവശ്യവുമായി സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് സർക്കാർ കത്ത് നൽകി. എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്.

പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് ഡോ. സാബു തോമസ്. പിന്നാലെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. സാബു തോമസ് മറുപടിയിരുന്നു. ഹിയറിംഗിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംജി വിസിയുടെ മറുപടി. ചട്ടങ്ങൾ പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. സാബു തോമസ് കോടതിയെയും സമീപിച്ചിരുന്നു. ഡോ. സാബു തോമസിന് പുറമേ കേരള സർവകലാശാല മുൻ വി സി ഡോ. വി പി. മഹാദേവൻ പിളള, കുസാറ്റ് വി സി ഡോ. കെ എൻ മധുസൂദനൻ, കുഫോസ് വി സി ഡോ. കെ റിജി ജോൺ, കാലടി സർവകലാശാല വി സി ഡോ. എം വി നാരായണൻ, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സർവകലാശാല വി സി ഡോ. വി അനിൽ കുമാർ, കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവരും കോടതിയെ സമീപിച്ചിരുന്നു.

Also Read: അധികം പ്രോഗസില്ലാതെ ഉന്നത വിദ്യാഭ്യാസ മേഖല; ഗവർണറും സർക്കാരും തമ്മിലുള്ള ശക്തമായ പോരാട്ടം കണ്ട 2 വർഷങ്ങൾ

നേരത്തെ കണ്ണൂർ വി സിക്ക് പുനർനിയമനം നൽകണമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്ത് ഉയർത്തിക്കാട്ടിയായിരുന്നു ഗവർണർ സർക്കാരിനോട് ഇടഞ്ഞത്. ഗവർണറും സർക്കാരും തമ്മിലെ അസാധാരണപ്പോരായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ട് വർഷം ഉന്നതവിദ്യാഭ്യാസ രംഗം കണ്ടത്. ചാൻസലർ പദവിയിൽ നിന്ന് രാജി ഭീഷണി മുഴക്കിയ ഗവർണറും, ഗവർണറെ മാറ്റാൻ ബിൽ കൊണ്ട് വന്ന സർക്കാരും ഒടുവിൽ സമവായ സൂചന നൽകുമ്പോഴും തർക്കങ്ങൾ തീർന്നിട്ടില്ല. 8 സർവകലാശാലകളിൽ ഇനിയും സ്ഥിരം വിസിമാരായിട്ടുമില്ല.

YouTube video player