കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് കൂത്തുപറമ്പിലെ മൻസൂറിനെ നിഷ്ഠൂരമായി കൊന്നത്. അതേ മാതൃകയാണ് ഇവിടെയും സംഭവിച്ചത്.
കോഴിക്കോട്: കള്ളക്കേസെടുത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം. പേരാമ്പ്രയിൽ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർ ശബ്‍ദങ്ങളെ അടിച്ചമർത്തി വോട്ടവകാശം ദുരുപയോഗം ചെയ്യാനുള്ള സിപിഎമ്മിന്റെ എക്കാലത്തെയും ശ്രമത്തിന്റെ ഭാഗമാണ് വടകരയിലെ നൊച്ചാട് കണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് കൂത്തുപറമ്പിലെ മൻസൂറിനെ നിഷ്ഠൂരമായി കൊന്നത്. അതേ മാതൃകയാണ് ഇവിടെയും സംഭവിച്ചത്. ബൂത്തിലിരുന്ന പ്രവർത്തകനെ വീട്ടിൽനിന്ന് പുറത്തിറക്കിയാണ് ആക്രമിച്ചത്. അവനെ രക്ഷിക്കാൻ ചെന്നവരെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ പ്രവർത്തകരെ പോലും പൊലീസ് യാതൊരു ദയയുമില്ലാതെ റിമാൻഡ് ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റു എന്ന് പറയുന്ന സിപിഎമ്മുകാരെ കള്ളക്കേസെടുക്കാൻ വേണ്ടി മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പ്രതിപക്ഷത്തിന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വടകരയിൽ പരാജയം ഉറപ്പായപ്പോഴാണ് സിപിഎം വലിയ കുഴപ്പങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയുമുണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ രാജ്യത്ത് എല്ലാവർക്കും ജീവിക്കണം. എന്നാൽ മനുഷ്യരെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആദ്യം അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞവർ തന്നെ അത് തിരുത്തി. പിന്നീട് കാഫിർ എന്ന വ്യാജ സ്‌ക്രീൻഷോട്ട് ഉപയോഗിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു.
ജനകീയ വിഷയങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കാൻ പറ്റാത്തവരാണ് വർഗീയത ഇളക്കിവിട്ടത്. വ്യാജ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ചവരെ കണ്ടെത്താത്തത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒളിച്ചുകളിയുടെ ഭാഗമാണ്. സംസ്ഥാനത്ത് സമാധാനമുണ്ടാക്കാൻ ഉത്തരവാദിത്തമുള്ളവരാണ് സമാധാനം കളയാൻ മുന്നിട്ടിറങ്ങുന്നത്. മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് കേരളത്തെ കത്തിക്കാനാണ് സിപിഎം ശ്രമമെന്നും പി എം എ സലാം പറഞ്ഞു.
