കൊച്ചി: ആന്തൂരിലെ സാജന്‍റെ ആത്മഹത്യയിൽ നഗരസഭയെ പിന്തുണച്ച് ഹൈക്കോടതിയിൽ സർക്കാരിന്‍റെ സത്യവാങ്മൂലം. കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നി‍ർമ്മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷകനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

ആന്തൂരിലെ വ്യവസായി സാജന്‍റെ ആത്മഹത്യയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തദ്ദേശ ഭരണവകുപ്പ് മറുപടി സത്യവാങ്മൂലം നൽകിയത്. മരിച്ച സാജന്‍റെ ഭാര്യാപിതാവായ പാലോളി പുരുഷോത്തമനാണ് കെട്ടിടത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. എന്നാൽ, അപേക്ഷകന്‍റെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളും വീഴ്ചകളും ഉണ്ടായി. സ്ഥലപരിശോധനയിലും പ്ലാൻ തയ്യാറാക്കുന്നതിലും പിഴവ് പറ്റി. പ്ലാൻ തന്നെ പലതവണ മാറ്റി നൽകി. അംഗീകരിച്ച പ്ലാനിൽ കൃത്യമായ അനുമതി വാങ്ങാതെ മാറ്റം വരുത്തി. തൂണും സ്ലാബും കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമിക്കാൻ അനുമതി നൽകിയത്. എന്നാൽ ഉരുക്കുതൂണുകളും മേൽക്കൂരയ്ക്ക് ഷീറ്റും ഉപയോഗിച്ചു. കെട്ടിടത്തിന്‍റെ ഘടനമാറ്റിയത് നഗരസഭയെ അറിയിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

ആർക്കിടെക്ട് വരുത്തിയ പിഴവുകൾ നഗരസഭയുടെ അന്തിമാനുമതി വൈകാൻ കാരണമായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആളുകൾ കൂട്ടത്തോടെ വരുന്ന സ്ഥലമായതിനാൽ ഏറെ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്. സാജന്‍റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിലെ മാധ്യമവാർത്തകൾ ശരിയല്ലെന്നും നഗരസഭാ ഉദ്യോഗസ്ഥർ നിയമങ്ങളനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.