കോഴിക്കോട്: ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് ശരിയാണെന്ന് മന്ത്രി ഇപി ജയരാജൻ. ശബരിമല വിശ്വാസപരമായ വിഷയമല്ല മറിച്ച് നിയമപരമായ വിഷയമാണെന്നും ഇ പി ജയരാജൻ കോഴിക്കോട്ട് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാൻ സർക്കാരിനാവില്ല. ശബരിമല വിഷയത്തിൽ ചെയ്യാൻ പാടുള്ള കാര്യങ്ങൾ മാത്രമേ സർക്കാർ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടക്കുകയാണ്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വിഷയത്തിൽ കോൺഗ്രസിന് പ്രതികരിക്കാനായില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഒരു മണ്ഡലത്തിൽ മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവന ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.