Asianet News MalayalamAsianet News Malayalam

സപ്ലൈകോയും ഈടാക്കുന്നുണ്ട് 5 ശതമാനം ജിഎസ്‍ടി; ഇല്ലാത്തത് സബ്‍സിഡി ഉള്ള ഉത്പന്നങ്ങൾക്ക് മാത്രം

സബ്‍സിഡി ഇല്ലാത്ത പായ്ക്ക് ചെയ്ത എല്ലാ ധാന്യവർഗങ്ങളും സപ്ലൈകോ വിൽക്കുന്നത് 5 ശതമാനം ജിഎസ്‍ടി ഈടാക്കി

Governments announcement that five percent GST will not be levied on Supplyco was not implemented
Author
Thiruvananthapuram, First Published Jul 28, 2022, 2:31 PM IST

തിരുവനന്തപുരം: സപ്ലൈകോയിൽ അഞ്ച് ശതമാനം ജിഎസ്‍ടി ഈടാക്കില്ലെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലായില്ല. സബ്‍സിഡി ഇല്ലാത്ത പായ്ക്ക് ചെയ്ത് ധാന്യവർഗങ്ങൾക്ക് ഇപ്പോഴും ജിഎസ്‍ടി ഈടാക്കി തന്നെയാണ് സപ്ലൈകോ സ്റ്റോറുകളിൽ വിൽപന നടത്തുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും മറിച്ചാണ് സംഭവം എന്ന് അവകാശപ്പെടുമ്പോഴും ജിഎസ്‍ടി കൗൺസിൽ തീരുമാനം എടുത്താലേ നികുതി ഒഴിവാക്കാനാകൂ എന്ന നിലപാടിലാണ് സപ്ലൈകോ.

കേന്ദ്രം പ്രഖ്യാപിച്ച 5 ശതമാനം ജിഎസ്‍ടി ഈടാക്കില്ലെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇത് വിശ്വസിച്ച് സാധനം വാങ്ങാൻ സപ്ലൈകോയുടെ സ്റ്റോറുകളിൽ എത്തിയാൽ കൈ പൊള്ളും. ജീവനക്കാരോട് തർക്കിക്കേണ്ടി വരും. സബ്‍സിഡി ഇല്ലാത്ത ഒരു കിലോ ചെറുപയർ, ഒരു കിലോ ഉഴുന്ന്...സപ്ലൈക്കോ ലേബൽ ഉള്ള പാക്ക് ചെയ്ത് വിൽപനയ്ക്ക് വച്ചിരിക്കുന്ന ഈ രണ്ട് സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങിയാൽ ബിൽ തുക 204 രൂപ. കേന്ദ്രം പുതുതായി പ്രഖ്യാപിച്ച 5 ശതമാനം ജിഎസ്‍ടി ഉൾപ്പെടെയാണ് ഈ ബിൽ. ചെറുപയറിനും ഉഴുന്നിനും മാത്രമല്ല, സബ്‍സിഡി ഇല്ലാത്ത 16 ധാന്യ വർഗങ്ങളിൽ ഏത് ഇവിടെ നിന്ന് വാങ്ങിയാലും അഞ്ച് ശതമാനം ജിഎസ്‍ടി നൽകണം. മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചത് മറക്കണം.

അതേസമയം സബ്‍സിഡി ഉള്ള ധാന്യവർഗങ്ങൾക്ക് സപ്ലൈകോ അഞ്ച് ശതമാനം  ജിഎസ്‍ടി ഈടാക്കുന്നില്ല. ജിഎസ്‍ടി നിലവിൽ വരുന്നതിന് മുമ്പുള്ള വിലയ്ക്ക് തന്നെയാണ് ഇതെല്ലാം വിൽക്കുന്നത്. ഇങ്ങനെ വിൽക്കുന്നതിലൂടെയുള്ള അധിക ബാധ്യത സർക്കാർ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇനത്തിൽ മാത്രം 25 കോടി രൂപയുടെ ബാധ്യത സപ്ലൈകോ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ സബ്‍സിഡി ഇല്ലാത്ത ഉത്പന്നങ്ങൾക്ക് നിലവിൽ ജിഎസ്‍ടി ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്ന് ഭക്ഷ്യമന്ത്രി വിശദീകരിക്കുന്നു.ജിഎസ്‍ടി കൗൺസിൽ തീരുമാനമെടുത്ത് നികുതി ഒഴിവാക്കിയാലേ സബ്‍സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ പഴയ വിലയ്ക്ക് വിൽക്കാനാവൂ എന്നാണ് സപ്ലൈക്കോ അധികൃതരുടെയും വിശദീകരണം.
 

Follow Us:
Download App:
  • android
  • ios