Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ വിസി പുനര്‍നിയമനം, മുഖ്യമന്ത്രി കത്തയച്ചു, രാജ്ഭവനിലെത്തി, 3 കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍

രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശന നടത്തിയെന്നാണ് ഗവര്‍ണറുടെ ആരോപണം. 

Governor Arif Mohammad Khan made serious allegations against pinarayi vijayan in kannur vc re appointment
Author
First Published Sep 19, 2022, 12:39 PM IST

തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐ പി സി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. കെ കെ രാഗേഷിന്‍റെ പ്രൈവറ്റ്  സെക്രട്ടറി സ്ഥാനം പാരിതോഷികമാണോയെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.

Follow Us:
Download App:
  • android
  • ios