Asianet News MalayalamAsianet News Malayalam

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇനി ഇടവേള: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് ദില്ലിക്ക് മടങ്ങി

കൊല്ലത്ത് എസ്എഫ്ഐ പ്രതിഷേധം വലിയ വിവാദമായിരിക്കെയാണ് ഗവര്‍ണറുടെ കേരളത്തിൽ നിന്നുള്ള മടക്കം

Governor Arif Mohammed Khan returned to delhi from Kerala amid SFI protest kgn
Author
First Published Jan 27, 2024, 7:12 PM IST

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. ദില്ലിയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദില്ലിക്കും പോകുമെന്ന് രാജ്ഭവൻ അറിയിച്ചു. സംസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം ശക്തമായിരിക്കെ, തന്റെയും രാജ്ഭവന്റെയും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ കൂടി എത്തിച്ച ശേഷമാണ് ഗവര്‍ണറുടെ മടങ്ങിപ്പോക്ക്.

അതിനിടെ കൊല്ലം നിലമേലിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്ഐ പ്രവര്‍ത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവര്‍ത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

അതിനിടെ ഗവര്‍ണറെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ വിമര്‍ശിച്ചത്. ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ചെയ്യാൻ പാടില്ലാത്തതാണെന്നും കുറ്റപ്പെടുത്തി. പൊലീസിന്റെ പണി അവര് ചെയ്യും. എഫ്ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ? എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ? ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. സിആർപിഎഫിന് കേസെടുക്കാനാകുമോ ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും ചോദിച്ച മുഖ്യമന്ത്രി ഗവര്‍ണര്‍ ജനാധിപത്യ മര്യാദ പക്വത വിവേകം എന്നിവ കാണിക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ എന്നും സ്വയം പരിശോധിക്കണം. കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണർ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും പിണറായി കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios