Asianet News MalayalamAsianet News Malayalam

രണ്ടും കൽപിച്ച് ഗവര്‍ണര്‍: രാജ്ഭവനിൽ നാളെ വാര്‍ത്ത സമ്മേളനം, വീഡിയോകളും രേഖകളും പുറത്തു വിടും

മുഖ്യമന്ത്രി പലകാര്യങ്ങൾക്കും തൻ്റെ സഹായം തേടിയിട്ടുണ്ടെന്ന്  ഗവർണ്ണർ ഇന്നു പറഞ്ഞിരുന്നു.  

Governor Arif mohammed Khan to meet media tomorrow
Author
First Published Sep 18, 2022, 8:47 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കടുപ്പിക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. നാളെ രാവിലെ രാജ്ഭവനിൽ വാര്‍ത്ത സമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ തെളിവുകൾ പുറത്തു വിടാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നീക്കം.

രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തിൽ വീഡിയോകളും ചില രേഖകളും പുറത്തുവിടുമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. കെകെ രാഗേഷിൻ്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. 

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നൽകിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തി. സിപിഎമ്മും സര്‍ക്കാരും തനിക്കെതിരെ നീക്കം കടുപ്പിച്ചതോടെയാണ് സര്‍ക്കാരിനെ അടിക്കുക എന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ നാളെ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് മുഖ്യമന്ത്രിക്കെതിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും തെളിവുകളോ രേഖകളോ ഗവര്‍ണര്‍ പുറത്തു വിടുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 

അതിനിടെ ചരിത്രകോൺഗ്രസ്സിൽ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കമെന്ന് ഗവർണ്ണർ. അക്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. മുഖ്യമന്ത്രി പലകാര്യങ്ങൾക്കും തൻറെ സഹായം തേടിയിട്ടുണ്ടെന്നും  ഗവർണ്ണർ ഇന്നു പറഞ്ഞു. 

മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യം വെച്ച് ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ഗവർണ്ണർ. 2019 ൽ ചരിത്ര കോൺഗ്രസ്സിനിടെെയുണ്ടായ സംഘർഷത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് പിന്നീടാണ് മനസ്സിലായതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. ഗവർണ്ണർക്കെതിരെ അക്രമം ഉണ്ടായാൽ പരാതി ഇല്ലാതെ തന്നെ കേസെടുക്കാമെന്നത് അറിയില്ലേ ഏന്ന് പറഞ്ഞാണ് സിപിഎം നേതാക്കൾക്കുള്ള പരിഹാസം. അന്ന് വേദിയിലുണ്ടായിരുന്നതും ഇന്ന് സർക്കാറിൻറെ ഉന്നതതലങ്ങളിലുമുള്ള ആളുകളാണ് പൊലീസിനെ പിന്തിരിപ്പിച്ചതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ കുറ്റപ്പെടുത്തൽ. 

സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രത്തെ സമീപിക്കാൻ സമയമായെന്ന മുന്നറിയിപ്പ് ഗവർണ്ണർ രണ്ടും കല്പിച്ചാണെന്നതിൻറെ വ്യക്തമായ സൂചനയാണ്. വധശ്രമമെന്ന് ഇന്ന് രാവിലെ വരെ പറഞ്ഞ ഗവർണ്ണർ പക്ഷെ തിരുവനന്തപുരത്തെത്തിയപ്പോൾ ഭയപ്പെടുത്താനായിരുന്നു നീക്കമെന്ന് തിരുത്തി. 

അതേ സമയം ഗവർണ്ണറെ നേരിടാൻ തന്നെയാണ് എൽഡിഎഫ് തീരുമാനം.മുഖ്യമന്ത്രി ആവശ്യപ്പെട്ട സഹായങ്ങളടുടെ എന്തൊക്കെയാണ് , സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രത്തിന് എന്ത് കത്തയക്കും... എന്നു തുടങ്ങി രാജ്ഭവൻ്റെ ഇനിയുള്ള നീക്കങ്ങളെ കേന്ദ്രീകരിച്ചാവും കേരള രാഷ്ട്രീയം അടുത്ത ദിവസങ്ങളിൽ മുന്നോട്ട് പോവുക.. 

Follow Us:
Download App:
  • android
  • ios