Asianet News MalayalamAsianet News Malayalam

പോക്സോ കേസ് രണ്ടുതവണ, കള്ള സാക്ഷിയെ ഇറക്കി പൊലീസ്, കോടതിയിൽ സത്യം തെളിഞ്ഞു, തലസ്ഥാനത്തെ ഓട്ടോ ഡ്രൈവറുടെ കഥ

പോക്സോ കള്ളകേസിൽ കുടിക്കി പൊലീസ് ജയിലിൽ അടച്ച ഓട്ടോഡ്രൈവർക്ക് പത്ത് വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതി. വ്യക്തി വിരോധം തീർക്കാൻ കള്ള കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് കുറ്റവിമുക്തൻ.

court acquitted the auto driver who was caught in a fake pocso case Trivandrum
Author
First Published Sep 18, 2022, 3:54 PM IST

തിരുവനന്തപുരം: പോക്സോ കള്ളകേസിൽ കുടിക്കി പൊലീസ് ജയിലിൽ അടച്ച ഓട്ടോഡ്രൈവർക്ക് പത്ത് വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതി. വ്യക്തി വിരോധം തീർക്കാൻ കള്ള കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് കുറ്റവിമുക്തൻ. 2011 ലാണു സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവറും സി ഐ ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗവുമായ കണ്ണേറ്റുമുക്ക് സ്വദേശി മുരുകൻ രാത്രി ഓട്ടത്തിനായി പേര് എഴുതിയിടാൻ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. 

സ്റ്റേഷനുള്ളിൽ നിന്ന് നിലവിളി കേട്ട മുരുകൻ ഓടി ചെന്ന് നോക്കുമ്പോൾ അന്നത്തെ തമ്പാനൂർ എസ്ഐ ശിവകുമാറും സംഘവും രണ്ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടു. പൊലീസ് ജീപ്പിനു സൈഡ് കൊടുക്കാതത്തിൻ്റെ പേരിൽ ആണ് തങ്ങളെ മർദ്ദിക്കുന്നത് എന്ന് വിദ്യാർത്ഥികൾ നിലവിളിച്ചുകൊണ്ട് മുരുകനോട് പറഞ്ഞു. സ്റ്റേഷനു പുറത്തിറങ്ങിയ മുരുകൻ ഉടൻ തന്നെ വിവരം കമീഷണർ ഓഫീസിൽ വിളിച്ചറിയിച്ചു. ഇവിടെ നിന്നാണ് മുരുകനെ പൊലീസ് വേട്ടയാടി തുടങ്ങുന്നത്. അടുത്ത ദിവസം രാവിലെ മുരുകൻ വിളിച്ചറിയിച്ച പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നാണ് എന്നും പറഞ്ഞു രണ്ടു പൊലീസുകാർ മുരുകനെ തേടിയെത്തി. 

എസ്ഐ ശിവകുമാർ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവങ്ങൾ മുരുകൻ ഇവരോട് വിവരിച്ചു. ഇതിന് പിന്നാലെ ഒരാഴ്ച പിന്നിട്ടപ്പോൾ മുരുകനെതിരേ തമ്പാനൂര്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയില്‍ ഒരു വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോക്സോ കേസായി തമ്പാനൂർ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അപകട വിവരം ചോദിച്ചറിയാൻ എന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മുരുകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ജയിലിലാക്കി. 

എന്നാൽ വിചാരണ വേളയിൽ പോക്സോ കേസല്ല തങ്ങള്‍ നല്‍കിയതെന്ന് വാദി തന്നെ പറഞ്ഞതോടെ കോടതി മുരുകനെ വെറുതേവിട്ടു. പുറത്തിറങ്ങിയ മുരുകൻ പത്രസമ്മേളനം വിളിച്ച് നടന്ന സംഭവങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. പൊലീസിനെതിരെ രൂക്ഷ വിമർശം ഉയർന്നതിന് പിന്നാലെ വഞ്ചിയൂര്‍ പൊലീസ് മുരുകനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പെറ്റിക്കേസുണ്ടെന്ന പേരിലാണ് വിളിച്ച് വരുത്തിയത് എന്ന് മുരുകൻ പറയുന്നു. എന്നാൽ പ്ലസ് ടൂ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കാട്ടി വഞ്ചിയൂർ പൊലീസ് മുരുകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പൊലീസിനെതിരെ പരാതി പോയാല്‍ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂര്‍ ക്രൈം എസ്ഐ. മോഹനന്‍ മുന്നറിയിപ്പ് നൽകിയതയി മുരുകൻ പറയുന്നു. കേസിന് സാക്ഷിയായി വഞ്ചിയൂർ പൊലീസ് ചേർത്തത് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ വനിതയെയാണ്. വീണ്ടും ജയിലിൽ പോയ മുരുകൻ ജാമ്യത്തിലിറക്കാൻ ആരുമില്ലാതെ മാസങ്ങളോളം ജയിലിൽ കഴിഞ്ഞു. പോക്സോ കേസിലെ പ്രതി എന്ന പേര് ചാർത്തപെട്ടത്തോടെ വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞ മുരുകൻ ഒടുവിൽ ജാമ്യത്തിലിറങ്ങി കട വരാന്തകളിലാണ് രാത്രി ഉറങ്ങിയിരുന്നത്. 

Read more:കുമ്പളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവുനായ കടിച്ചു

നാട്ടുകാർ ആട്ടിപായിച്ചതോടെ ഉറങ്ങാനായി നാഗർകോവിൽ വരെ ബസിൽ ടിക്കറ്റ് എടുത്ത് പോകുമായിരുന്നു എന്ന് മുരുകൻ പറയുന്നു. എന്നാൽ കേസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയിൽ വന്നതോടെ പൊലീസ് പ്രതികൂട്ടിൽ ആയി തുടങ്ങി. കേസിലെ ഏക സാക്ഷിയും വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ച് വർഷത്തോളം ശുചീകരണ തൊഴിലാളിയും ആയിരുന്ന വനിതയെ അറിയില്ല എന്ന് ഗ്രേഡ് എസ്.ഐ മോഹനൻ കോടതിക്ക് മുന്നിൽ മൊഴി നൽകി. 

ഇത് മുരുകൻ്റെ അഭിഭാഷകൻ കളവാണെന്ന് തെളിവ് സഹിതം ബോധ്യപ്പെടുത്തിയതോടെ ഗ്രേഡ് എസ്ഐ മോഹനൻ പറഞ്ഞിട്ടാണ് കേസിൽ കള്ള സാക്ഷി മൊഴി നൽകിയതെന്ന് സാക്ഷിയും കോടതിയെ ബോധിപ്പിച്ചു. തെളിവായി പൊലീസ് ഹാജരാക്കിയ പ്രതിയുടേയും വാദിയുടെയും അടിവസ്ത്രങ്ങള്‍ തെരുവില്‍ നിന്നും വാങ്ങിയ ഒരേ തരത്തിലുള്ളതാണെന്നും കോടതി കണ്ടെത്തി. 

Read more:മാവേലിക്കരയിൽ ആണായി ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി

ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇല്ലാതാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ മറ്റൊരു സംഭവമാണ് ഈ കേസ് എന്ന് അന്തിമ വിധി പുറപ്പെടുവിച്ച ജഡ്ജി എം. പി.ഷിബു വിമർശിച്ചു. പ്രതിക്കു വേണ്ടി അഡ്വ. അശോക് പി. നായരാണ് കോടതിയില്‍ ഹാജരായത്. കുറ്റാരോപിതനായ എസ്ഐ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ച വ്യക്തി കൂടിയാണ്. 
 

Follow Us:
Download App:
  • android
  • ios