ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസ നേര്‍ന്നു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്‍‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നുവെന്ന് ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞു.

പുതുവത്സര രാവിന് മണിക്കൂറുകൾ

തുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കുന്നതിന് ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമായി കൊച്ചി സിറ്റി പൊലീസ്. ഇന്ന് വൈകീട്ട് നാല് മണിയോടെ ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിക്കുമെന്നും പരിധിക്കപ്പുറം ജനങ്ങളെത്തിയാൽ കടത്തിവിടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പരേഡ് ഗ്രൗണ്ടിന് പുറമെ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് വീണ്ടും നിരസിച്ചു. ഇതിനിടെ, വിദേശചന്തത്തിൽ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞി ഉയർന്നു. വൈകിട്ടോടെയാണ് കൂറ്റന്‍ പാപ്പാഞ്ഞി ഗ്രൗണ്ടില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. പാപ്പാഞ്ഞിയുടെ മുഖവും ക്രെയിന്‍ ഉപയോഗിച്ച് ഘടിപ്പിക്കും. 80 അടി നീളമുള്ള പാപ്പാഞ്ഞിയെ ആണ് ഉയർത്തിയത്.

ചുറ്റിലും ആഭ്യന്തര-വിദേശ സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ് കൊച്ചി. കൊച്ചിയില്‍ പുതുവത്സരം ആഘോഷിക്കാന്‍ ജനം ഒഴുകിയെത്തുകയാണ്. കഴിഞ്ഞവര്‍ഷം പരേഡ് ഗ്രൗണ്ടിലെ തിക്കും തിരക്കും വലിയ സുരക്ഷാ പ്രശ്നമുണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവും കഴിഞ്ഞവര്‍ഷമുണ്ടായി. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കുസാറ്റ് ദുരന്തത്തിന്‍റെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ നാളെ വൈകിട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളാണ് കൊച്ചി സിറ്റി പൊലീസ് സ്വീകരിച്ചിരിക്കുന്നത്. നഗരത്തിലുള്ള രണ്ടായിരം പൊലീസുകാരില്‍ ആയിരം ഉദ്യോഗസ്ഥരും ഫോര്‍ട്ട് കൊച്ചിയിലുണ്ടാകുമെന്നും തിരക്കൊഴിവാക്കാന്‍ ഘട്ടം ഘട്ടമായാകും കാണികളെ പ്രവേശിപ്പിക്കുകയെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ പറഞ്ഞു.

നാളെ വൈകിട്ട് നാലു മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഇതിനുശേഷം പരേഡ് ഗ്രൗണ്ടില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളായാല്‍ പിന്നീട് ആരെയും പ്രവേശിപ്പിക്കില്ല. കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിടും. പ്രാദേശിക കൂട്ടായ്മയിൽ വെളി മൈതാനത്തും പാപ്പാഞ്ഞി ഒരുങ്ങിയിരുന്നു. എന്നാൽ പരേഡ് ഗ്രൗണ്ടിൽ മാത്രം പാപ്പാഞ്ഞിയെ കത്തിച്ചുള്ള ആഘോഷം മതിയെന്ന് സബ് കളക്ടർ പറഞ്ഞതോടെ നാട്ടുകാർ നിരാശരായി. എന്നാൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പ്രായോഗികമല്ലെന്ന് കൊച്ചി എംഎൽഎ കെ ജെ മാക്സിയും പൊലീസും നിലപാടെടുത്തു. പാപ്പാഞ്ഞി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആഘോഷത്തിന്‍റെ മാറ്റ് കുറയ്ക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കൊച്ചി കാർണിവൽ സംഘാടകർ. ആഘോഷരാവിലേക്ക് മണിക്കൂറെണ്ണിയുള്ള കാത്തിരിപ്പിലാണ് ഇനി ഫോര്‍ട്ട് കൊച്ചി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം