Asianet News MalayalamAsianet News Malayalam

രാവിലെയും ചർച്ചകൾ, ഒടുവിൽ സർക്കാരിന് വഴങ്ങി സിഎഎ വിരുദ്ധ പരാമർശം വായിച്ച് ഗവർണർ

ഇന്ന് രാവിലെയും നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗവും വിട്ടുകളയരുതെന്ന് രാജ്ഭവനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. തുടർന്ന് വ്യക്തിപരമായ വിയോജിപ്പോടെ വായിക്കാമെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു. 

governor reads anti caa remarks in kerala assembly budget session
Author
Thiruvananthapuram, First Published Jan 29, 2020, 10:30 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ആകാംക്ഷയ്ക്ക് വിരാമം. നയപ്രഖ്യാപനപ്രസംഗത്തിലെ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമടങ്ങുന്ന പതിനെട്ടാം ഖണ്ഡിക ഗവർണർ വായിച്ചു. മുഖ്യമന്ത്രിയെ ബഹുമാനിച്ചുകൊണ്ട്, വ്യക്തിപരമായ വിയോജിപ്പോടെ നയപ്രഖ്യാപനത്തിലെ ഈ ഭാഗം വായിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധം കണ്ട ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ സഭയ്ക്ക് അകത്തേക്ക് കയറുന്നതിൽ നിന്ന് തടയുന്നതും, വാച്ച് ആന്‍റ് വാർഡ് ഇവരെ വലിച്ചിഴച്ച് മാറ്റുന്നതുമായ അപൂർവ ദൃശ്യങ്ങളും കണ്ടു.

: ഗവർണറുടെ പ്രസംഗത്തിൽ സിഎഎ വിരുദ്ധപരാമർശം

ഗവർണർ ഈ നിലപാടിലേക്ക് എത്തിയതെങ്ങനെ?

നിയമഭസഭയിലെ നയപ്രഖ്യാപനപ്രസംഗത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമുള്ള 18-ാം ഖണ്ഡിക വായിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നതാണ്. വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നത് പതിവാണെങ്കിലും അത് മുൻകൂട്ടി അറിയിക്കാറില്ല. 

ഭരണഘടനയും സുപ്രീംകോടതി വിധികളും ഉറപ്പു നൽകുന്ന വിവേചനാധികാരം ഉപയോഗിച്ചാണ് ഈ ഖണ്ഡിക ഒഴിവാക്കുന്നതെന്നാണ് ഗവർണർ കത്തിൽ പറഞ്ഞത്. പാർലമെന്‍റ് പാസ്സാക്കിയ നിയമഭേദഗതിക്ക് എതിരായ വിമർശനം സംസ്ഥാനസർക്കാരിന്‍റെ നയമല്ല, കാഴ്ചപ്പാട് മാത്രമാണ്- അതിനാൽ നയപ്രഖ്യാപനപ്രസംഗത്തിൽ നിന്ന് അത് ഒഴിവാക്കുന്നതിൽ തെറ്റില്ല എന്നാണ് ഗവർണർ വാദിക്കുന്നത്. 

ഭരണഘടനയുടെ 176 (1) വകുപ്പ് പ്രകാരം സർക്കാർ നയവും കാര്യപരിപാടികളുമാണ് സഭയിൽ ബജറ്റ് സമ്മേളനത്തിന് മുമ്പ് ഗവർണർമാർ വായിക്കാറ്. കാഴ്ചപ്പാട് വായിക്കണമെന്നില്ല. ഇത് ഗവർണർക്ക് വ്യക്തിപരമായ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവാക്കാം. സുപ്രീംകോടതിയുടെ അരുണാചൽ പ്രദേശ് സർക്കാരിനെ പിരിച്ചുവിട്ടതിനെതിരായ വിധിയിൽ നയം, പരിപാടി, കാഴ്ചപ്പാട് എന്നിവ സ്പീക്കറുമായി ബന്ധപ്പെടുന്നതെങ്ങനെ എന്ന് വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും, അതും പരിശോധിച്ചാണ് തന്‍റെ നിലപാടെന്നും ഗവർണർ കത്തിൽ പറഞ്ഞിരുന്നു.

എന്നാൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം നയപരിപാടികളിൽത്തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അത് വെറും കാഴ്ചപ്പാടല്ലെന്നുമാണ് സർക്കാർ വാദിക്കുന്നത്. 

ഇന്ന് രാവിലെയും ചർച്ചകൾ, ഒടുവിൽ വഴങ്ങി

രാവിലെയും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഈ വിഷയത്തിൽ ചർച്ചകൾ നടന്നിരുന്നു. അനാവശ്യപ്രതിസന്ധികൾ ഒഴിവാക്കാൻ ഈ ഭാഗം വായിക്കാതെ വിടരുതെന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരമാണ്, തൽക്കാലം വ്യക്തിപരമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശങ്ങൾ വായിക്കാമെന്ന് ഗവർണർ തീരുമാനിച്ചത്.

അതേസമയം, ഗവർണർക്കെതിരെ ഭരണപക്ഷം ഒരു പ്രതിഷേധവും നടത്തില്ലെന്ന് നേരത്തേ ധാരണയായിരുന്നതാണ്. ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മുഖ്യമന്ത്രിയും സ്പീക്കറും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്നാണ് ഗവർണറെ കീഴ്‍വഴക്കം അനുസരിച്ച് സഭയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

ശക്തമായ പ്രതിപക്ഷപ്രതിഷേധം, നാടകീയം 

എന്നാൽ അതേസമയം, കയറി വരുമ്പോൾത്തന്നെ ഗവർണറെ തടയാൻ രാവിലെ ചേർന്ന യുഡിഎഫ് പാർലമെന്‍ററി കാര്യസമിതി തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് പ്ലക്കാർഡുകളുമായിത്തന്നെയാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഗവർണർ ഗോ ബാക്ക്, റീകോൾ ഗവർണർ, മുഖ്യമന്ത്രിക്ക് ഗവർണറെ പേടിയാണോ - എന്നിങ്ങനെ പല പ്ലക്കാർഡുകളും വലിയ ബാനറുകളുമായി യുഡിഎഫ് എംഎൽഎമാർ എത്തി.

ഗവർണർ കയറി വന്നപ്പോൾ ഇരിപ്പിടത്തിലേക്ക് കയറാൻ തന്നെ അനുവദിക്കാതെ തട‌ഞ്ഞു. തുടർന്ന് പ്രതിപക്ഷനേതാവുമായി സ്പീക്കറും നിയമമന്ത്രിയും സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. ഒടുവിൽ വാച്ച് ആന്‍റ് വാർഡ് എത്തി ഇവരെ വലിച്ചിഴച്ച് മാറ്റുകയായിരുന്നു. അൻവർ സാദത്ത് സഭയിൽ കിടന്ന് പ്രതിഷേധിച്ചതോടെ സ്ഥിതി കൂടുതൽ നാടകീയവുമായി.

governor reads anti caa remarks in kerala assembly budget session

സിഎഎയ്ക്ക് എതിരെ രൂക്ഷവിമർശനം

രൂക്ഷവിമർശനമാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പതിനെട്ടാം ഖണ്ഡികയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ളത്. പൗരത്വ നിയമഭേദഗതി ഭരണഘടന അനുശാസിക്കുന്ന തുല്യതയെയും മതനിരപേക്ഷതയെയും തകർക്കും. ഇത് ഭരണഘടനയ്ക്ക് തന്നെ എതിരാണ്. അതിനാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നും, ഇതിനെതിരായ പ്രതിഷേധങ്ങൾ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. വ്യക്തിപരമായ വിയോജിപ്പോടെ, മുഖ്യമന്ത്രിയോടുള്ള ബഹുമാനത്തെപ്രതി താനിത് വായിക്കുന്നുവെന്ന് ഗവർണർ പറയുമ്പോൾ, അത് മറ്റൊരു നാടകീയതയുടെ അവസാനമായി. ഇതിനെ ഭരണപക്ഷാംഗങ്ങൾ ഡസ്കിലടിച്ച് സ്വാഗതം ചെയ്യുകയും ചെയ്തു. 

ഇനി ഗവർണറുടെ വിയോജിപ്പ് എന്തു ചെയ്യുമെന്ന ചോദ്യമാണ്. ഗവർണർമാർ വായിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിൽ ഏതെങ്കിലും ഭാഗം വിട്ടുകളഞ്ഞാലും ഇല്ലെങ്കിലും പൂർണരൂപത്തിൽത്തന്നെ സഭാ രേഖകളിൽ ചേർക്കപ്പെടും. ഇതിൽ വേണമെങ്കിൽ വിയോജിപ്പ് രേഖപ്പെടുത്തിയാണ് താനിത് വായിച്ചതെന്ന് രേഖകളിൽ ചേർക്കണമെന്ന് ഗവർണർക്ക് സ്പീക്കറോട് ആവശ്യപ്പെടാം. അത് തീരുമാനിക്കേണ്ടത്, ചട്ടം പരിശോധിച്ച ശേഷം സ്പീക്കറാണ്. 

Follow Us:
Download App:
  • android
  • ios