ഗവർണറുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിക്കാൻ തയ്യാറായില്ല

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസ്‌ലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതിയ കുരുക്ക്. വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാമെന്ന് ഗവർണർ തന്നെ പറയുന്നത് സർക്കാരിന് തിരിച്ചടിയാകും. ഇതുമായി ബന്ധപ്പെട്ട കേസിൽ ഗവർണറുടെ നിലപാട് സർക്കാരിന് വലിയ വിനയാവും. 

അതേസമയം ഗവർണറുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ചാൻസ്‌ലർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് അനുനയ ചർച്ച നടത്തിയേക്കും. സർവകലാശാലകളിലെ രാഷ്ട്രീയകളിക്ക് കൂട്ടു നിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാൻസ്‌ലർ പദവി ഏറ്റെടുക്കാമെന്നുമുള്ള ഗവർണ്ണറുടെ കത്ത് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കുന്നതാണ്. ധാനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ചർച്ച നടത്തിയിട്ടും അനുനയത്തിന് ഗവർണ്ണർ തയ്യാറായിട്ടില്ല. 

കേരളത്തിലെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു ഗവർണറാണ് ചാൻസ്‌ലർ. ഗവർണ്ണർ നിസ്സഹകരണം തുടർന്നാൽ സർക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കും. ഗവർണറുടെ കത്ത് സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.