യൂണിവേഴ്സിറ്റികളിൽ RSS അജണ്ട നടപ്പിലാക്കാനായി അവർക്ക് വേണ്ടി കല്ലെടുക്കുന്ന തുമ്പികളിൽ ഒന്നുമാത്രമാണ് ആരിഫ് മുഹമ്മദ് ഖാനെന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍
കോഴിക്കോട്:ഭരണഘടനാ വിരുദ്ധമായി ജനാധിപത്യ ഭരണകൂടത്തിന്‍റെ ഉപദേശം അവഗണിച്ച് വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനും നിയമിക്കാനും ശ്രമിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തലയിൽ നെല്ലിക്കാ തളം വെക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ പരിഹസിച്ചു. വിസിമാരെ നിയമിക്കാൻ പാനലുണ്ടാക്കി RSS അജണ്ടകൾ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ കണ്ടെത്തി നിയമിച്ച് മോദിയുടെയും അമിത്ഷായുടെയും ആർ.എസ്.എസ്സിന്റെയും പ്രീതി പറ്റാനാണ് ഗവർണർ ശമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സലിം മടവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം
ഭരണഘടന പറയുന്നത് ജനാധിപത്യ ഭരണകൂടത്തിന്‍റെ ഉപദേശം ഗവർണർ കേൾക്കണമെന്നാണ്. കേരളത്തിലെന്നല്ല രാജ്യത്തെവിടെയായാലും യൂനിവേഴ്സിറ്റി വി.സി മാർ സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നവരായിരിക്കണം. ഗവർണർമാരെ നിയമിക്കുമ്പോൾ രാഷ്ട്രപതി തനിക്ക് തോന്നിയ ആളുകളെ നിയമിച്ചാൽ കേന്ദ്രസർക്കാർ അംഗീകരിക്കുമോ?. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ അരാജകവാദികളെയും മനോനില ശരിയില്ലാത്തവരെയും ഗവർണറാക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞാലും രാഷ്ട്രപതി നിയമിച്ചേ പറ്റൂ. കാരണം ഭരണഘടന അങ്ങനെയാണ് പറയുന്നത്.
രാജ്യത്ത് യൂനിവേഴ്സിറ്റികളിൽ RSS അജണ്ട നടപ്പിലാക്കാനായി അവർക്ക് വേണ്ടി കല്ലെടുക്കുന്ന തുമ്പികളിൽ ഒന്നുമാത്രമാണ് ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് യഥാർഥ ചരിത്രം ശരിയായും കൃത്യമായും പഠിപ്പിക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.വിസിമാരെ നിയമിക്കാൻ പാനലുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. RSS അജണ്ട നടപ്പിലാക്കാൻ പാനലിൽ നിന്നും പരമാവധി അനുയോജ്യനായ വ്യക്തിയെ വി.സിയായി നിയമിച്ച് അമിത് ഷായുടെയും RSS ന്റെയും പ്രീതി പിടിച്ചുപറ്റാനാണ് അദ്ദേഹം ശമിക്കുന്നത്.
RSS വി.സി മാർ വന്നാലും വേണ്ടില്ല, എൽ.ഡി.എഫ് സർക്കാർ പ്രതിസന്ധിയിലാവട്ടെയെന്ന സമീപനം കോൺഗ്രസ് മാറ്റണം. ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ സർക്കാർ ശിപാർശ മറികടന്ന് ഡോ: സിസ രോമസ്സിനെ താൽക്കാലിക വിസിയാക്കിയതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണം. ഈ രാജ്യത്ത് ജനാധിപത്യ ഭരണകൂടങ്ങളാണോ അതോ തലയിൽ നെല്ലിക്കാ തളം വെക്കേണ്ട ഗവർണർമാരാണോ അധികാര കേന്ദ്രങ്ങളെന്ന് സുപ്രീം കോടതി പറയട്ടെ.
