കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എഐവൈഎഫ്, കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഗവർണർ ഗോബാക്ക് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കൊല്ലം ആയൂരിൽ വച്ചാണ് ഗവർണറെ എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് പ്രവർത്തകരെ  പൊലീസ് നീക്കം ചെയ്തു. 

പുനലൂർ എസ്എന്‍ കോളേജിലും, പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് ഗവർണർക്കെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കൊല്ലം പുനലൂരില്‍ വച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ ഗവര്‍ണറെ വീണ്ടും കരിങ്കൊടി കാട്ടി. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഗവർണ്ണറുടെ സംസ്ഥാന ബിജെപി അധ്യക്ഷൻ കളി കേരളത്തിൽ ചെലവാകില്ലെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ നിയമസഭ ഇടപെടുമെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.