തിരുവനന്തപുരം: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഒരേ നിലപാടെടുത്ത് സര്‍ക്കാരും പ്രതിപക്ഷവും. മത ചിഹ്നങ്ങളെ അപമാനിച്ച കാർട്ടൂണിനു അവാർഡ് കൊടുത്ത് ശരിയല്ലെന്ന് നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിനോട് സാംസ്കാരിക മന്ത്രി എ കെ ബാലനും യോജിച്ചു. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ബാലൻ പറഞ്ഞു. 

മത വികാരങ്ങളെ വ്രണപ്പെടുത്താൻ സർക്കാർ കൂട്ട് നിൽക്കരുതെന്നും  അക്കാഡമി നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അവാർഡ് നൽകിയത് പുനഃ പരിശോധിക്കണമെന്നും നിയമസഭയില്‍ സബ്മിഷനില്‍ ചെന്നിത്തല പറഞ്ഞു. ഇനിത് മറുപടി നല്‍കിയ സാംസ്കാരിക മന്ത്രി പ്രകോപനമരമാണ് അവാർഡ് കിട്ടിയ കാർട്ടൂണെന്നും മത ചിഹ്നങ്ങളെ അപമാനിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി. 

അവാർഡ് പുനപരിശോധിക്കാൻ ലളിതകലാ അക്കാഡമിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ രാജ്യത്തിന്‍റെ മതനിരപേക്ഷത ഹനിക്കുന്ന നടപടികൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നും ബാലന്‍ നിയമസഭയില്‍ വ്യക്തമാക്കി. 

അതേസമയം കഴിഞ്ഞ ദിവസം കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാറിന്‍റെ നിലപാടിനെ  സിപിഐ വിമർശിച്ചിരുന്നു. ലളിത കല അക്കാഡമി സ്വതന്ത്ര സ്ഥാപനം എന്നായിരുന്നു കാനത്തിന്‍റെ നിലപാട്. ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം അതി തിരിച്ചെടുക്കുമോ എന്നും കാനം ചോദിച്ചിരുന്നു. 

കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്. 

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ നേരത്തേ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ നേരത്തേ പറഞ്ഞത്.