തിരുവനന്തപുരം: ഹാരിസൺ കേസിൽ സിവിൽ കോടതിയെ സമീപിക്കാതെ ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള നീക്കം ഭൂമി തർക്കകേസിൽ സർക്കാറിന് തിരിച്ചടിയുണ്ടാക്കും. ചെറുവള്ളി എസ്റ്റേറ്റ് തർക്കഭൂമിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നത് ഹാരിസണും ബിലീവേഴ്സ് ചർച്ചും കോടതിയിൽ ആയുധമാക്കും. കേസ് നടത്താൻ തയ്യാറല്ലെന്ന് സർക്കാർ തന്നെ സമ്മതിക്കുകയാണെന്നും ഒത്തുകളിയാണെന്നും മുൻ സ്പെഷ്യൽ പ്ലീഡർ സുശീലാ ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമല വിമാനത്താവളം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നടപടി വിവാദം സൃഷ്ടിക്കുന്നതും ഒപ്പം ദുരൂഹവുമാണ്. ഹാരിസൺ ബിലീവേഴ്സ് ചർച്ചിന് വിറ്റതാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാല്‍ ഹാരിസൺ ഭൂമി സർക്കാർ ഭൂമിയാണെന്നും അത് അവകാശം സ്ഥാപിച്ച് തിരിച്ചേറ്റെടുക്കണമെന്നും കാണിച്ച് സ്പെഷ്യൽ ഓഫീസർ രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ഹൈക്കോടതി പിന്നീട് റദ്ദാക്കി. പക്ഷേ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാറിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി രാജമാണിക്യം റിപ്പോര്‍ട്ട് തടഞ്ഞത്.

എസ്റ്റേറ്റ് ഏറ്റെടുക്കാനായി സിവിൽ കേസ് നൽകാൻ തീരുമാനിച്ച് ഇക്കഴിഞ്ഞ ജൂണിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ നടപടി ഒന്നുമായില്ല. ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലാ കളക്ടര്‍ വിശദീകരിച്ചത് ഫയലുകൾ നിയമവകുപ്പിന് കൈമാറിയെന്നാണ്. സിവിൽ കേസ് നൽകാതെ പണം നൽകിയുള്ള എസ്റ്റേറ്റ് ഏറ്റെടുക്കലിൽ ദുരൂഹതയുണ്ടെന്ന് ഹാരിസൺ കേസിലെ സ്പഷ്യൽ പ്ലീഡറായിരുന്ന സുശീലാ ഭട്ട് കുറ്റപ്പെടുത്തി.നിയമപരമായി അവര്‍ക്കില്ലാത്ത അവകാശങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പൊതുജനങ്ങളെ കബളിപ്പിക്കിലാണ് ഇതിലൂടെ നടക്കുന്നത് - സുശീല ഭട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഭൂമി പൂര്‍ണമായും ഏറ്റെടുക്കാനുള്ള ശ്രമം നടത്താതെ പണം കെട്ടിവക്കലിലൂടെ സർക്കാർ തന്നെ ചെറുവള്ളി തർക്കസ്ഥലമെന്ന് സമ്മതിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റെല്ലായിടത്തെയും തർക്കഭൂമികളിലും ഇത് ബാധകമെന്ന വാദം ഉന്നയിക്കാൻ ഹാരിസണ് ഇത് ബലം പകരും. സിവിൽ കേസ് നൽകാതെയും നിയമനിർമ്മാണം നടത്താതെയുള്ള എസ്റ്റേറ്റ് ഏറ്റെടുക്കൽ ഫലത്തിൽ ഹാരിസണ് ഗുണകരമാണ്.